അപരന്റെ വില
Tuesday, April 8, 2025 2:34 AM IST
സിസ്റ്റർ സോണിയ തെരേസ് ഡിഎസ്ജെ
മൂന്നു വർഷക്കാലം രാവും പകലും ഗുരുവിനോടു ചേർന്നു നടന്നിട്ട്, യൂദാസ് പെട്ടെന്നു കാലുമാറുകയാണ്... ഗുരുവിൽനിന്നും ശിഷ്യഗണത്തിൽനിന്നും വഴുതിമാറി സാൻഹെദ്രീൻ സംഘത്തിന്റെ മുന്പിലെത്തുന്നു. യേശുവിനെ ഒറ്റിത്തരാം എന്നു രഹസ്യമായി അവർക്കു വാക്കു കൊടുക്കുന്നു.
ദൈവപുത്രനെ ഒറ്റുകൊടുക്കുന്നതിനു പ്രത്യുപകാരമായി 30 വെള്ളി നാണയങ്ങൾ അവർ യൂദാസിനു വാഗ്ദാനം ചെയ്യുന്നു. 30 വെള്ളി നാണയം എന്നാൽ അക്കാലത്ത് ഒരു അടിമയുടെ വിലയാണ് (പുറ 21:32). അതായത് കുറച്ചുകൂടി സൂക്ഷ്മമായി ചിന്തിച്ചാൽ യൂദാസിന്റെ ഹൃദയത്തിൽ യേശുവിനുണ്ടായിരുന്ന സ്ഥാനം ഒരു അടിമയ്ക്കു തുല്യമായി മാറി എന്നു ചുരുക്കം.
ആ മുറുമുറുക്കൽ
ഒരു പക്ഷേ, ഒരു നിമിഷത്തെ ദൗർബല്യം എന്നു വേണമെങ്കിൽ ന്യായീകരിക്കാം. എന്നാൽ, തലേദിവസം ഒരു സ്ത്രീ യേശുവിനോടു കാണിച്ച വിശാല മനസ്കതയെ അല്ലെങ്കിൽ സ്നേഹപൂർണമായ തൈലം പൂശലിനെ യൂദാസ് നിശിതമായി വിമർശിക്കുന്നുണ്ട്.
യൂദാസിനേക്കാൾ നന്നായി സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ചുങ്കക്കാരൻ മത്തായി ശിഷ്യഗണത്തിൽ ഉണ്ടായിരുന്നിട്ട് അദ്ദേഹം ആ ചെലവഴിക്കലിനോടു നിസംഗതയും മൗനവും പാലിച്ചപ്പോൾ, ബഥാനിയയിലെ തൈലാഭിഷേക ചടങ്ങിൽ എന്തിനാണ് ഈ പാഴ്ചെലവ്; ഈ സുഗന്ധ തൈലം 300 ദനാറയ്ക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേയെന്ന് യൂദാസ് മുറുമുറുക്കുന്നുണ്ട്.
യേശുവിന്റെ ശിരസിൽ ഒഴിച്ച ആ നാർദിൻ സുഗന്ധ തൈലത്തിന്റെ വിലയായ 300 ദനാറ അക്കാലത്ത് ഒരു കൂലിപ്പണിക്കാരന്റെ വാർഷിക ശമ്പളത്തിനു തുല്യമാണ്. അതായത് യൂദാസിന്റെ 30 വെള്ളി നാണയത്തിന്റെ പത്തിരട്ടി വരുന്ന ആ 300 ദനാറ, വിലമതിക്കാനാവാത്ത സ്നേഹത്തിന്റെ പ്രതീകമാണ്.
ഈ നോമ്പുകാലത്ത് നമ്മളും വിലയിരുത്തണം. അപരന് എത്രമാത്രം വിലയാണ് നമ്മൾ നൽകുന്നത്.. നമ്മുടെ സന്പത്ത്, സമയം, കഴിവ്, ബന്ധങ്ങൾ, സ്വാധീനം ഇതൊക്കെ മറ്റുള്ളവർക്കു വേണ്ടി ചെലവിടാൻ സന്നദ്ധരാണോ നമ്മൾ? അതുപോലെ ഏറ്റവും വില കൂടിയ സമയവും സന്പത്തും കഴിവുമൊക്കെയാണോ നമ്മൾ അപരനു വേണ്ടി നീക്കിവയ്ക്കാറുള്ളത്? അതോ മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെലവിടേണ്ടി വരുന്പോൾ തികച്ചും അസംതൃപ്തവും അസ്വസ്ഥവുമാകുന്നുണ്ടോ നമ്മുടെ മനസും ചിന്തയും.
അങ്ങനെയാണെങ്കിൽ ഒറ്റ ചുംബനംകൊണ്ട് സ്വന്തം ഗുരുവിനെ ഒറ്റുകൊടുത്ത യൂദാസിൽനിന്ന് ഏറെ അകലെയല്ല നമ്മുടെ മനോഭാവമെന്നു പറയേണ്ടിവരും.