57 ദിവസങ്ങൾ പിന്നിട്ട് ആശാ വർക്കർമാരുടെ സമരം
Tuesday, April 8, 2025 2:34 AM IST
തിരുവനന്തപുരം: ഓണറേറിയം വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ ആരംഭിച്ച സമരം 57 ദിവസങ്ങൾ പിന്നിട്ടു. ഇന്നലെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാവർക്കർമാരുടെ പ്രതിനിധികൾ ചർച്ച നടത്തി. ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾ ആരോഗ്യമന്ത്രിയുമായി സംസാരിക്കാമെന്നും തുടർ നടപടികൾ കൈക്കൊള്ളാമെന്നും തൊഴിൽമന്ത്രി അറിയിച്ചതായി സമരസമിതി അറിയിച്ചു.
സമരപ്പന്തലിൽ ഇന്നലെ കോണ്ഗ്രസ് നേതാക്കളയാ കെ. മുരളീധരൻ, രമേശ് ചെന്നിത്തല, നടി പൂജ മോഹൻരാജ്, നാഷണലിസ്റ്റ് കേരള കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി വി. വിജയൻ, കേരള മദ്യനിരോധന സമിതി ഭാരവാഹികളായ വിൻസന്റ് മാളിയേക്കൽ, പ്രഫ. ടി.എം. രവീന്ദ്രൻ, കേരള മദ്യനിരോധന മഹിളാ വേദി ഭാരവാഹികളായ പ്രഫ.ഒ.ജെ. ചിന്നമ്മ, ഇയ്യച്ചേരി പത്മിനി, മേഴ്സി ജോയ്, ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് പ്രതിനിധികൾ എന്നിവർ പിന്തുണയുമായെത്തി.
തൊഴിൽമന്ത്രിയുടെ വാക്കിൽ പ്രതീക്ഷ
തിരുവനന്തപുരം: ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി ഇടപെടൽ നടത്താം എന്ന തൊഴിൽ മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. മന്ത്രിയുമായി ചർച്ച നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദനാണ് ഇത്തരത്തിൽ പ്രതികരിച്ചത്. ഓണറേറിയ വർധന പ്രഖ്യാപിച്ചാലല്ലാതെ സമരം അവസാനിപ്പിക്കില്ല എന്ന അസോസിയേഷന്റെ നിലപാട് മന്ത്രിയെ അറിയിച്ചു.
സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുന്നോട്ടുവെച്ച ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ മന്ത്രിയുടെ ഇടപെടൽ ഗുണകരമാകും എന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന് കെപിസിസിതാക്കീത്
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ സർക്കാരിനെ സഹായിക്കുന്ന തരത്തിൽ നിർദേശം വച്ചതിന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. പ്രസിഡന്റ് കെ. സുധാകരൻ രേഖാമൂലമാണ് താക്കീത് ചെയ്തത്.
ആശാവർക്കർമാരുടെ സമരം അവസാനിപ്പിക്കാനായി സമരക്കാർക്കൊപ്പം ഐഎൻടിയുസി, സിഐടിയു യൂണിയൻ നേതാക്കളെയും ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിരുന്നു.
ചർച്ചയിൽ ആശാ വർക്കർമാരുടെ ഓണറേറിയം വർധന അടക്കം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന നിർദേശം ആർ. ചന്ദ്രശേഖരനാണ് മുന്നോട്ടുവച്ചതെന്ന് സമരസമിതി പറഞ്ഞിരുന്നു.
സമരത്തെ കോണ്ഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്പോൾ ഇതിനു വിരുദ്ധ നിലപാട് എടുത്ത ചന്ദ്രശേഖരനെതിരേ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.