എന്പുരാനിലുള്ളത് ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രം: ഗോപാല്‍ മേനോന്
Tuesday, April 8, 2025 2:34 AM IST
കോഴിക്കോട്: മോഹന്‍ലാല്‍ നായകനായ എന്പുരാനിലുള്ളത് ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ ആയിരത്തിലൊന്ന് മാത്രമാണെന്നു പ്രമുഖ ഡോക്യുമെന്ററി സംവിധായകന് ഗോപാല്‍ മേനോന്.
ഗുജറാത്ത് വംശീയ ഉന്മൂലനത്തെ പുത്തന്‍ തലമുറയുടെ മുന്നിലേക്കു കൊണ്ടുവച്ചു എന്നതാണ് എന്പുരാന് എന്ന സിനിമ നിര്‍വഹിച്ച രാഷ്ട്രീയധര്മമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആ അര്‍ഥത്തില്‍ അതിന്റെ സംവിധായകനായ പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയും മതേതരസമൂഹത്തിനു വലിയ സംഭാവനയാണു നല്‍കിയത്. എന്നാല്‍ ഈ സിനിമ കണ്ട് ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റി മനസിലാക്കുന്നവര്‍ അറിയേണ്ടത് ആ സിനിമയില്‍ യഥാര്‍ഥത്തില്‍ നടന്ന ഹിംസയുടെ ആയിരത്തിലൊന്നു പോലും ഇല്ല എന്നതാണ്.
ആ സിനിമയിലെ രംഗങ്ങള്‍ ഞെട്ടിച്ചെങ്കില്‍ ശരിക്കും നടന്ന കാര്യങ്ങള്‍ സങ്കല്പ്പിക്കാന് പോലും സാധിക്കാത്തതാണ്.
2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഇതിനേക്കാള്‍ എത്രയോ ഭയാനകമായ കാര്യങ്ങളാണ്. ഗുജറാത്ത് വംശീയ ഉന്മൂലനത്തെക്കുറിച്ച് സമൂഹവും പുതിയ തലമുറയും കൂടുതലായി അറിയേണ്ടതുണ്ട്.
ഹിന്ദുത്വ വര്‍ഗീയത ഇന്ത്യയെന്ന മതേതര രാജ്യത്തെ ഏതെല്ലാം വിധത്തിലാണ് തകര്‍ക്കുന്നതെന്ന് കൃത്യമായി അറിയുകയാണ് ഇന്ത്യയെ സംരക്ഷിക്കാനുള്ള ഏറ്റവും ആദ്യത്തെ പ്രധാന പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.