രാഷ്്ട്ര പുനര്‍നിര്‍മാണത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പങ്ക് അതിശ്രേഷ്ഠം: ഡോ. സി.വി. ആനന്ദ ബോസ്
Wednesday, March 5, 2025 2:52 AM IST
കോട്ടയം: ഭാരതമെന്ന മനോഹര നൗകയെ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന അദൃശ്യമായ മന്ദമാരുതനാണു ക്രൈസ്തവ സമൂഹമെന്നും സേവന സന്നദ്ധരായ ക്രൈസ്തവ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ആത്മായ സമൂഹത്തിന്റെയും രാഷ്ട്രപുനര്നിര്മാണത്തിലുള്ള സംഭാവനകള്‍ അതിശ്രേഷ്ഠമാണെന്നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ്.
ചര്‍ച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്റൽ നടന്ന നാഷണല്‍ ക്രിസ്ത്യന്‍ ലീഡേഴ്സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ഇഖ്ബാല്‍ സിംഗ് ലാല്‍പ്പുര അധ്യക്ഷത വഹിച്ചു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. അതിസൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ സമൂഹത്തിന് മതിയായ പ്രാതിനിധ്യവും ലഭിക്കണമെന്ന് മാർ തട്ടിൽ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നേരിട്ടു നടപ്പാക്കിയെങ്കില്‍ മാത്രമേ വിതരണത്തിലെ തുല്യത ഉറപ്പാക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാനസന്ദേശം നല്കി. ഗോവ വ്യവസായമന്ത്രി മൗവിന് ഗോഡിന്‍ഹോ, മാര്‍ സാമുവേല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ്പ, ബിഷപ് സില്‍വാന്‍സ് ക്രിസ്ത്യന്‍, ബിഷപ് തിമോത്തി രവീന്ദര്‍, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ചര്‍ച്ച് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, അസോസിയേറ്റ് സെക്രട്ടറി ഫാ. സിറില്‍ തോമസ് തയ്യില്‍, ട്രഷറര്‍ ഡോ. സസ്മിത് പത്ര എംപി എന്നിവര്‍ പ്രസംഗിച്ചു.
ചര്‍ച്ച് ഓഫ് ഇന്ത്യ കോണ്‍ക്ലേവിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്കി.