മനുഷ്യപക്ഷത്തുനിന്നു നാടുഭരിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ
Wednesday, March 5, 2025 2:52 AM IST
ചെറുതോണി: കപട പരിസ്ഥിതിവാദം വെടിഞ്ഞ് മനുഷ്യപക്ഷം ചേർന്ന് നാട് ഭരിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുക, വന്യമൃഗാക്രമണങ്ങൾ തടയുക, ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലേക്ക് നടത്തിയ കർഷക പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
കേരളം ഉണരുന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങൾ നിഷ്ഠുരമായി ആളുകളെ കൊലചെയ്യുന്ന വാർത്ത കേട്ടുകൊണ്ടാണ്. നൂറുകണക്കിന് മനുഷ്യജീവനുകൾ ഇതിനോടകം വന്യമൃഗ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടു. ഒട്ടനവധി ആളുകൾക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആളുകൾ കൊല്ലപ്പെട്ടത് വനഭൂമിയിൽ കയറിയതിന്റെ ഫലമായല്ല. തങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നവരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായത്. നാട്ടിൽ ജനങ്ങളെല്ലാം ഇന്ന് ഭീതിയിലാണ് കഴിയുന്നത്.
മരണപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നൽകി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. പരിക്കുപറ്റിയവർക്ക് സഹായം ചെയ്യുന്നതിൽ വലിയ വിമുഖതയും കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കേരളത്തിൽ പൊലിഞ്ഞത് 12 മനുഷ്യജീവനുകളാണ്. വന്യമൃഗ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.
1972ലെ വന നിയമത്തിന്റെ വ്യവസ്ഥകൾ പറഞ്ഞ് ഭരണത്തിലുള്ളവർ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഇനിയും അത്തരത്തിലുള്ള കപട ന്യായീകരണം വിലപ്പോകില്ല. നിയമമാണ് പ്രശ്നമെങ്കിൽ അതിനു പരിഹാരം കാണേണ്ടത് ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്. വന്യമൃഗങ്ങൾ തെരുവിലിറങ്ങാനുള്ള കാരണമെന്തെന്ന് ഗൗരവത്തോടെ അന്വേഷിക്കണം.
വനത്തിലുള്ള മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ജലവും ലഭ്യമാകുന്നില്ല എന്നതാണ് കാരണമെങ്കിൽ അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാർ തയാറാകണം.
വനത്തിൽ മൃഗങ്ങളടെ എണ്ണം വർധിച്ചതാണ് കാരണമെങ്കില് മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ക്രമീകരണം ഉണ്ടാക്കണം.
ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലുന്നതിനു നിയമ നിർമാണം വേണം. അതിന് ഭരണകൂം ഉണർന്നു പ്രവർത്തിക്കണം. അതിനു സാധിക്കാതെ വന്നാൽ സാധാരണക്കാരായ ആളുകളുടെ പക്ഷം ചേർന്ന് ഇടുക്കിയിലെ ഒരു പൊതു സംവിധാനം എന്ന നിലയിൽ രൂപത സമരമുഖത്ത് സജീവമാകുമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ മുന്നറിയപ്പു നൽകി.
ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സർക്കാർ അലംഭാവം കാണിക്കുകയാണ്. നിർമാണനിരോധനത്തിന്റെ പേരിൽ മലയോര ജനതയുടെ വികസനസ്വപ്നങ്ങൾ അപ്പാടെ തകർത്തുകളയുകയാണ്.
ജനങ്ങൾ സ്വമേധയാ ഇവിടം വിട്ടു പോകാനുള്ള പ്രേരണ നൽകുന്നതാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾ. സാധാരണ ജനങ്ങൾക്കൊപ്പം ഇടുക്കി രൂപത അവസാനശ്വാസം വരെ ഉണ്ടാകുമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പ്രഖ്യാപിച്ചു.