വയലന്‍സിന് കാരണം സിനിമയല്ലെന്ന് ഡയറക്ടേഴ്സ് യൂണിയൻ
Wednesday, March 5, 2025 2:52 AM IST
കൊച്ചി: സമീപകാലത്ത് കേരളത്തില്‍ അരങ്ങേറിയ ക്രൂരകൃത്യങ്ങളില്‍ മലയാള സിനിമകള്‍ക്ക് പങ്കുണ്ടെന്ന വാദങ്ങള്‍ നിഷേധിച്ച് സംവിധായകര്‍. അക്രമത്തിന്റെ കേവല കാരണമായി സിനിമയെ ചിത്രീകരിക്കുന്നത് അസംബന്ധവും അബന്ധജടിലവുമാണെന്ന് സംവിധയാകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സമീപകാലത്ത് നാടിനെ നടുക്കിയ അരുംകൊലകള്‍ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാന്‍ പ്രേരിപ്പിച്ചത് മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളാണെന്ന അഭിപ്രായം ഭരണകര്‍ത്താക്കളില്‍നിന്നും രാഷ്ട്രീയ യുവജന വിദ്യാര്‍ഥി പ്രസ്ഥാന നേതൃത്വങ്ങളില്‍ നിന്നമുള്പ്പെടെ ഉണ്ടായി.
സിനിമ ചിത്രീകരിക്കുന്ന വയലന്‍സാണ് സാമൂഹ്യതിന്മകള്ക്ക് കാരണമാകുന്നതെന്ന തരത്തിലുള്ള തീര്‍ത്തും ദുര്‍ബലമായ, ലളിതവത്കരിക്കപ്പെട്ട ഒരു പ്രതിഫലന സിദ്ധാന്തമാണ് ഈ അഭിപ്രായപ്രകടനങ്ങള്‍ക്ക് അടിസ്ഥാനമാകുന്നത്.
വ്യക്തികള്‍ നേരിടുന്ന സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥകള്‍, അന്യവത്കരണം, അപരവത്കരണം, പാര്‍ശ്വവത്കരണം, ചിലതരം പുറംതള്ളലുകള്‍-ഇവയെല്ലാം ഏതൊക്കെ നിലയില്‍ അക്രമത്തിലേക്ക് വഴിവയ്ക്കുമെന്നത് എത്രയോ മുമ്പ് വിശകലനം ചെയ്യപ്പെട്ടതാണ്.
ജപ്പാനില്‍നിന്നും കൊറിയയില്‍നിന്നും വരുന്ന ഗെയിമുകളും സീരീസുകളും എത്രയോ നാളുകളായി നമ്മുടെ കുട്ടികളും മുതിര്‍ന്നവരും കണ്ടു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വയലന്‍സുള്ളത് അവിടെനിന്ന് എത്തുന്ന സിനിമകളിലും സീരീസിലുമാണെന്നത് രഹസ്യമായ വിവരമല്ല. പക്ഷേ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യം ജപ്പാന് ആണെന്നതും ശ്രദ്ധേയമാണ്. അവരുടെ നിയമവ്യവസ്ഥയും, സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യല്‍ ഓഡിറ്റിംഗും അത്രമേല്‍ ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു കലാരൂപം എന്ന നിലയില്‍ സിനിമ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം തന്നെയാണെന്നും സംഘടന കുറിപ്പില്‍ വ്യക്തമാക്കി.