വിദ്യാർഥിനിക്കു നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവം നാല് അധ്യാപകർക്കെതിരേ നടപടി
Thursday, March 6, 2025 2:02 AM IST
കാക്കനാട്: തെങ്ങോട് സർക്കാർ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിക്കുനേരെ സഹപാഠികളായ വിദ്യാർഥിനികൾ നായ്ക്കുരുണപ്പൊടി എറിഞ്ഞ സംഭവത്തിൽ നാല് അധ്യാപകർക്കെതിരേ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അധ്യാപകരിൽ ഒരാളെ സ്ഥലം മാറ്റുകയും മൂന്നുപേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് നടപടിയെടുത്തത്. പി.എസ്. ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ്. ദീപ എന്നിവർക്കാണു സസ്പെൻഷൻ. അധ്യാപിക ആർ.എസ്. രാജിക്കാണ് സ്ഥലംമാറ്റം.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇക്കാര്യം വിദ്യാഭ്യാസവകുപ്പിലെ മേലധികാരികളിൽനിന്നും സ്കൂൾ അധ്യാപകർ മറച്ചുവയ്ക്കുകയും ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയ്ക്കു വിധേയയായി മാനസികസമ്മർദത്തിലായ കുട്ടിയെ സമാശ്വസിപ്പിക്കാനോ കുറ്റാരോപിതരായ വിദ്യാർഥിനികളുടെ വിവരം അധികൃതരെ അറിയിക്കാനോ അധ്യാപകർ തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.
വിദ്യാർഥിനിയുടെ അമ്മ സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. സംഭവം വിവാദമായതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഡപ്യൂട്ടി ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു.