ഷഹബാസിന്റെ കൊലപാതകം; ഒരു വിദ്യാര്‍ഥി കൂടി പോലീസിന്റെ പിടിയില്‍
Wednesday, March 5, 2025 2:52 AM IST
താമരശേരി: പത്താംക്ലാസ് വിദ്യാര്‍ഥിയായ താമരശേരി ചുങ്കം പുല്ലോറക്കുന്ന് മുഹമ്മദ് ഷഹബാസിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു വിദ്യാര്‍ഥി കൂടി പോലീസിന്റെ പിടിയിലായി.
ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കിയശേഷം വിദ്യാര്‍ഥിയെ വെള്ളിമാടുകുന്നിലെ കെയര്‍ ഹോമിലേയക്കു മാറ്റി. ഇതോടെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു വിദ്യാര്‍ഥികള്‍ പോലീസിന്റെ പിടിയിലായി. ഇന്നലെ കസ്റ്റഡിയിലായ വിദ്യാര്‍ഥിക്കും പത്താംക്ലാസ് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും സിസിടിവി കാമറാ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. 62 പേരടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ചാറ്റിംഗും ഇതിനായി ഉപയോഗിച്ച ഫോണുകളും തിരിച്ചറിഞ്ഞു.
ആദ്യം സംഘര്‍ഷം നടന്ന സ്വകാര്യ ട്യൂഷന് സെന്ററിനു സമീപത്തുനിന്നുള്ള ദൃശ്യങ്ങള്‍ക്കു പുറമേ ഷഹബാസിനെ മര്‍ദിച്ച ശേഷം വിദ്യാര്‍ഥി സംഘം താമരശേരിയിലെ ഒരു മാളിന് സമീപം കേന്ദ്രീകരിച്ചു നില്ക്കുന്നതും വീണ്ടും എതിര് ചേരിയിലുള്ളവരെ മര്‍ദിക്കാന്‍ കോപ്പുകൂട്ടുന്നതും ഇത് ശ്രദ്ധയില്‍പ്പെട്ട മാള്‍ ജീവനക്കാര്‍ സംഘത്തെ അവിടെനിന്ന് തുരത്തുന്നതും പോലീസിന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ഇതു പ്രകാരമാണ് ഒരു വിദ്യാര്‍ഥിയെ കൂടി പ്രതിചേര്‍ത്തത്.
വൈകുന്നേരം 5.15ന് നടന്ന സംഘര്‍ഷത്തിനുശേഷം ഷഹബാസിനെ വൈകുന്നേരം 6.42 ഓടെ സൃഹൃത്ത് തന്റെ സ്കൂട്ടറില്‍ വീടിനു സമീപം ഇറക്കിവിട്ടിരുന്നു. ഇതിനു ശേഷമാണ് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ വൈകുന്നേരം 6.50ന് മാളിനു പരിസരത്ത് സംഘടിച്ചത്. സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളും കറുത്ത ഷര്‍ട്ട് ധരിച്ചായിരുന്നു സംഭവ ദിവസം എത്തിയിരുന്നത്.