കെട്ടിടത്തിനു മുകളിൽ കാട്ടുപോത്ത് !
Wednesday, March 5, 2025 3:05 AM IST
വൈത്തിരി: ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. കഴിഞ്ഞദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണു വീണ്ടും നാട്ടിലെത്തിയത്. ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നിവിടങ്ങളിലാണ് ഇന്നലെ കാട്ടുപോത്ത് എത്തിയത്.
കുന്നിൻമുകളിലൂടെ എത്തിയ കാട്ടുപോത്ത് ജനവാസമേഖലയിലെ കെട്ടിടത്തിനു മുകളിലും കയറി. വൈത്തിരി പന്ത്രണ്ടാംപാലത്താണു കെട്ടിടത്തിനു മുകളിൽ പോത്ത് കയറിയത്. മണിക്കൂറുകളോളം ജനവാസ മേഖലയിലൂടെയും ദേശീയപാതയിലൂടെയും കാട്ടുപോത്ത് നടന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വനം ഉദ്യോഗസ്ഥർ കാടുകയറ്റിയ കാട്ടുപോത്താണിത്. നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെങ്കിലും കാട്ടുപോത്തിന്റെ സാന്നിധ്യം ജനങ്ങളിൽ ഭീതിവിതയ്ക്കുകയാണ്.
ഇന്നലെ രാവിലെ ഏഴോടെ വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടിലാണ് ആദ്യം പോത്ത് എത്തിയത്.
ഫുട്ബോൾ കളിക്കുകയായിരുന്ന ആളുകൾ പോത്തിനെ കണ്ട് ഗ്രൗണ്ടിൽനിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് സ്കൂളിനു സമീപത്തെ പുഴ കടന്ന് തേയിലത്തോട്ടത്തിലേക്കു കയറി. ഉച്ചയ്ക്കുശേഷം വൈത്തിരി ടൗണിൽ ദേശീയപാത മുറിച്ചുകടന്ന് പൊഴുതന റോഡിലേക്കു നീങ്ങി.
വൈകുന്നേരം അഞ്ചോടെ ചേലോട് മഖാമിനു സമീപവും പോത്ത് എത്തി. മണിക്കൂറുകളോളം പോത്ത് ജനവാസ മേഖലയിൽ വിഹരിച്ചിട്ടും കാടുകയറ്റാനായി വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
കാൽനടയാത്രക്കാർ ഉൾപ്പെടെ പോത്തിന് മുന്നിൽപ്പെട്ടാൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ട്. അടിയന്തരമായി പോത്തിനെ കാടുകയറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.