എൽഡിഎഫ് പ്രകടനപത്രികയിൽ ഉണ്ടെങ്കിൽ ആശമാരുടെ വേതനം ഉയർത്തുമെന്ന് ആരോഗ്യമന്ത്രി
Wednesday, March 5, 2025 12:54 AM IST
തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ ആശാമാരുടെ വേതനം ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടെങ്കിൽ വർധിപ്പിക്കുമെന്നു മന്ത്രി വീണാ ജോർജ്.
കേരളത്തിലെ മിനിമം വേതനം പ്രതിദിനം 700 രൂപയാണെന്നും ആ നിലയ്ക്ക് ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തുമെന്ന എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കോണ്‍ഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആവശ്യത്തിലായിരുന്നു മന്ത്രിയുടെ മറുപടി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി അടിയന്തര പ്രമേയ നോട്ടീസാണ് ഇന്നലെ സഭയിൽ അവതരിപ്പിച്ചത്. ആശാമാരുടെ സമരം ഒത്തുതീർപ്പാക്കുന്നതിനായി ചർച്ചയ്ക്കായി വീട്ടിലെത്തിയ സമര സമിതി നേതാക്കളെ അവഹേളിക്കുകയും ഓഫീസ് സമയത്ത് ഓഫിസിലെത്തി കാണാൻ പറയുകയും ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
ഇത്തരത്തിൽ ജനങ്ങളെ ആക്ഷേപിക്കുന്നവർക്ക് പിന്നീട് ഓഫിസേ വേണ്ടിവരില്ലെന്നും രാഹുൽ പറഞ്ഞു. എന്നാൽ, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ലോക്സഭയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരേ മത്സരിച്ച എസ്യുസിഐ നേതാവിന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എസ്യുസിഐയുടെ നാവായി മാറിയെന്നും മന്ത്രി ആരോപിച്ചു.
ആശാ പ്രവർത്തകർക്ക് തൊഴിലുറപ്പു പദ്ധതിയിൽ അടക്കം ജോലി ചെയ്യാൻ അനുമതിയുണ്ട്. 1230 ആശ പ്രവർത്തകർ തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.