എന്‍ഡിപിഎസ് 42-ാം വകുപ്പില്‍ ഭേദഗതി ആവശ്യം ശക്തം
Wednesday, March 5, 2025 2:52 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്‍ഡിപിഎസ് 42-ാം വകുപ്പില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാരിന് ആ നിയമത്തില്‍ പറഞ്ഞിട്ടുള്ള വകുപ്പിലെ ഏത് റാങ്കിലുമുള്ള ഉദ്യോഗസ്ഥനെയും ലഹരിക്കേസ് എടുക്കാന്‍ ചുമതലപ്പെടുത്താമെന്നതാണ് 42-ാം വകുപ്പ്. നിലവില്‍ കേസ് എടുക്കാനുള്ള അധികാരം എക്സൈസ്, പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ക്കാണ്.
എക്സൈസില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലോട്ടും പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കും ഫോറസ്റ്റില്‍ ഡെപ്യൂട്ടി റേഞ്ചര്‍ മുതല്‍ മുകളിലേക്കുമുള്ള ഉദ്യോഗസ്ഥര്‍ക്കും.
സംസ്ഥാനത്ത് ലഹരിക്കേസുകളിൽ അനുദിനം വര്‍ധനയുണ്ടെങ്കിലും കേസ് എടുക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വളരെ പരിമിതമാണ്. 42- ാം വകുപ്പില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറായാല്‍ സ്പെഷല്‍ ആക്ടില്‍ പറയുന്ന പ്രകാരം എക്സൈസിലെ പ്രിവന്റീവ് ഓഫീസര്‍ മുതല്‍ മുകളിലോട്ടും പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ മുകളിലോട്ടും വനം വകുപ്പിൽ ഫോറസ്റ്റര്‍ മുതല്‍ മുകളിലുള്ളവര്‍ക്കും ഈ അധികാരം കൊടുത്തുകൊണ്ട് നിയമഭേദഗതി ഉണ്ടായാല്‍ കൂടുതല്‍ സഹായകമാകും.
ഈ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും പട്രോളിംഗിനു പോകുന്നത്. അത്തരം സമയങ്ങളില്‍ ലഹരിക്കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ ഇവര്‍ എത്തുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നുണ്ട്.
കൂടുതല്‍ പേര്‍ക്ക് കേസ് എടുക്കുന്നതിനുള്ള അധികാരം കൊടുക്കുന്നതിലൂടെ മയക്കുമരുന്നു വ്യാപനം തടയാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.