മറ്റുള്ളവരുടെ വേദനയും മാർപാപ്പ ഏറ്റെടുക്കുന്നു: മാര്‍ കൂവക്കാട്ട്
Wednesday, March 5, 2025 2:52 AM IST
ചങ്ങനാശേരി: ശാരീരികമായി വലിയ ബുദ്ധിമുട്ടിലൂടെ കടന്നുപോകുമ്പോഴും ഫ്രാന്‍സിസ് മാർപാപ്പ മറ്റുള്ളവരുടെ വേദന തന്റെ വേദനയായി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് നമുക്കു നല്കുന്ന വലിയ പ്രത്യാശയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട്.
ചങ്ങനാശേരി അതിരൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ ആദ്യദിനത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍.
ശാരീരികമായി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കര്‍ത്താവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പ്രത്യുത്തരം നല്കാന് പാപ്പായ്ക്കു ശക്തി നല്‍കണമേയെന്നു നാം അനുദിനം പര്ഥിക്കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
വത്തിക്കാന്‍ ഓഫീസിലെ ഒരു ജീവനക്കാരി ഇരട്ടക്കുട്ടികളെ പ്രസവിക്കാന്‍ ഒരുങ്ങുമ്പോള്‍ സെക്രട്ടറി വഴി ആശുപത്രിയില്‍ കഴിയുന്ന മാർപാപ്പയെ വിവരം അറിയിച്ചു.
തന്റെ അനാരോഗ്യം കണക്കാക്കാതെ പിറ്റേന്നുതന്നെ അദ്ദേഹം ഇരട്ടക്കുട്ടികള്‍ക്കായി ആശീര്‍വദിച്ച കൊന്ത സെക്രട്ടറിവഴി കൈമാറി. ഇത് മാർപാപ്പായ്ക്ക് മറ്റുള്ളവരോടുള്ള സ്നേഹവും പരിഗണനയുമാണ് വെളിവാക്കുന്നത്.
വേദനയോടെ നില്ക്കുന്ന സഹോദരന്റെ മുമ്പില്‍ കരുണയോടെ വര്‍ത്തിക്കാനും പ്രത്യാശയോടെ പ്രവര്‍ത്തിക്കാനുമുള്ള മാർപാപ്പയുടെ ആഹ്വാനം ഏറ്റെടുക്കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. മതാന്തര സംവാദത്തിനായി മാർപാപ്പ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും മാര്‍ ജോര്‍ജ് കൂവക്കാട്ട് ആവശ്യപ്പെട്ടു.