വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലുള്ളത് 20, നഷ്ടത്തില്‍ 33
Wednesday, March 5, 2025 2:52 AM IST
സിജോ പൈനാടത്ത്
കൊച്ചി: സംസ്ഥാനത്തു വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ 20 ഉം ലാഭത്തിലെന്നു സര്‍ക്കാര്‍. ആകെയുള്ള 54 സ്ഥാപനങ്ങളില്‍ 34 ഉം നഷ്ടത്തിലാണെന്നും വ്യവസായ വകുപ്പുതന്നെ പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.
54 പൊതുമേഖലാസ്ഥാപനങ്ങളാണു സംസ്ഥാന വ്യവസായ വകുപ്പിനു കീഴില്‍ ആകെയുള്ളത്. 2023-24 ലെ കണക്കനുസരിച്ചുള്ള ലാഭ, നഷ്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, ഇലക്ടോണിക്സ് ഡവലപ്മെന്റ് കോര്പറേഷന്, കാഷ്യൂ ബോര്‍ഡ്, ടെല്‍ക്, കെല്‍ട്രോണ്‍, ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍, കയര്‍ കോര്പറേഷന്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള, ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്പറേഷന്, സിഡ്കോ, കിന്‍ഫ്ര തുടങ്ങിയ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കിയവയുടെ പട്ടികയിലാണ്.
വ്യവസായ വകുപ്പിലെ പൊതുമേഖലയിലുള്ള സ്പിന്നിംഗ് മില്ലുകളില്‍ മിക്കതും നഷ്ടത്തിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ്, കെ. കരുണാകരന് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ്, മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍സ്, സീതാറാം ടെക്സ്റ്റയില്‍സ്, ക്വയിലോണ്‍ സഹകരണ സ്പിന്നിംഗ് മില്‍സ്, ഹാന്റക്സ്, ഹാന്‍വീവ്, ആലപ്പി സഹകരണ സ്പിന്നിംഗ് മില്‍സ്, പ്രിയദര്‍ശിനി സഹകരണ സ്പിന്നിംഗ് മില്‍സ്, ടെക്സ്റ്റയില്‍സ് കോര്പറേഷന്, ട്രിച്ചൂര് സഹകരണ സ്പിന്നിംഗ് മില്‍സ്, കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍സ്, മാല്‍കോടെക്സ്, സീതാറാം ടെക്സ്റ്റയില്‍സ് എന്നിവയെല്ലാം നഷ്ടത്തിലോടുകയാണ്.
ട്രാവന്‍കൂര്‍ സിമന്റ്സ്, ബാംബൂ കോര്പറേഷന്, സെയില്‍, കാപെക്സ്, മലബാര്‍ സിമന്റ്സ്, കയര്‍ഫെഡ്, കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി കെല്‍പാം എന്നിവയും നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ്.