ലഹരിക്കേസിൽ സമ്പാദ്യം കണ്ടുകെട്ടാം; എക്സൈസിന് മടി
Wednesday, March 5, 2025 2:52 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: 1985ലെ നാര്‍ക്കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ടിലെ പഴുതുകള്‍ ഉപയോഗിച്ച് ലഹരി മാഫിയകള്‍ രക്ഷപ്പെടുന്ന സാഹചര്യം പരിഗണിച്ച് ഇത്തരം കേസുകളിലുള്പ്പെടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടാനായി എടുത്ത തീരുമാനം നടപ്പാക്കാന്‍ മടിച്ച് അധികൃതര്‍.
എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റിലാകുന്നവരുടെ പേരില്‍ സാമ്പത്തിക കുറ്റാന്വേഷണം നടത്തുന്നതിനായി എക്സൈസ് കമ്മീഷണര്‍ 2021 മാര്‍ച്ചില്‍ കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ലഹരിക്കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ ഇത്തരം കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് ജാമ്യം നേടിയശേഷം വീണ്ടും സമാനമായ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ എന്‍ഡിപിഎസ് ആക്ടിലെ അധ്യായം അഞ്ച്-എ (68 എ മുതല്‍ 69 ഇസഡ് വരെയുള്ള വകുപ്പുകള്‍) പ്രകാരം നടപടി സ്വീകരിക്കാനായിരുന്നു എക്സൈസ് കമ്മീഷണറുടെ നിര്‍ദേശം.
നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ പ്രതികള്‍ ആര്‍ജിക്കുന്ന സമ്പാദ്യം കണ്ടുകെട്ടാന്‍ എന്‍ഡിപിഎസ് ആക്ടിലെ അഞ്ച് എ അധ്യായം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതുപ്രകാരം പത്തോ അതിലധികമോ വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെടുകയോ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുകയോ ചെയ്യപ്പെടുന്ന ആളുകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും മരവിപ്പിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. ഇതിനായി പ്രതികളുടെ സ്ഥലം ഉള്‍പ്പെടെയുള്ള ആസ്തികളുടെ വിവരങ്ങള്‍, ധനകാര്യ സ്ഥാപനങ്ങളിലെ സമ്പാദ്യക്കണക്ക് എന്നിവ അന്വേഷണ ഉദ്യോഗസ്ഥനു പരിശോധിക്കാം.
എന്തെങ്കിലും കാരണവശാല്‍ വസ്തു പിടിച്ചെടുക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വസ്തുവകകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന ഉത്തരവു പുറപ്പെടുവിക്കാനും എന്‍ഡിപിഎസ് ആക്ടിലെ 68 ഇ, 68 എഫ് വകുപ്പുകള്‍ അധികാരം നല്‍കുന്നുണ്ട്.
എന്‍ഡിപിഎസ് ആക്ടിലെ 68 ജെ വകുപ്പു പ്രകാരം നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുക്കള്‍ നിയമവിരുദ്ധമായി ആര്ജിച്ചതല്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വവും ബാധ്യതയും പ്രതികള്‍ക്കു മാത്രമാണ്. തുടക്കത്തില്‍ വിരലിലെണ്ണാവുന്നവര്ക്കെതിരേ മാത്രമാണ് എക്സൈസ് അധികൃതര്‍ ഈ വിധത്തില്‍ നടപടി സ്വീകരിച്ചത്. പിന്നീട് അതു നിലച്ചു.
രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലഹരിക്കേസുകളില്‍ തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രധാനമായും ചെയ്യുന്നത്. ചെറിയ അളവില്‍ ലഹരിയുമായി പിടിയിലാകുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം നേടി പുറത്തിറങ്ങാന്‍ കഴിയുന്ന വ്യവസ്ഥകളാണ് എന്‍ഡിപിഎസ് ആക്ടിന്റെ ന്യൂനതകളിലൊന്ന്. സ്മോള്‍ ക്വാണ്ടിറ്റി, മീഡിയം ക്വാണ്ടിറ്റി, കൊമേഴ്സ്യല്‍ ക്വാണ്ടിറ്റി എന്നിങ്ങനെ തരംതിരിച്ചാണ് എന്‍ഡിപിഎസ് ആക്ടില്‍ ശിക്ഷ കണക്കാക്കിയിരിക്കുന്നത്.
999 ഗ്രാം വരെയുള്ള ലഹരി സ്മോള്‍ ക്വാണ്ടിറ്റിയിലാണ് ഉള്‍പ്പെടുന്നത്. ഇതുപ്രകാരം ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിയിലാകുന്ന പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കും. ഒരു കിലോയ്ക്കു മുകളിലാണെങ്കില്‍ മാത്രം പ്രതി റിമാന്‍ഡിലാകും.
ഹാഷിഷ്, ചരസ്-100 ഗ്രാം, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍-അഞ്ച് ഗ്രാം, ഡയസിപാം-20 ഗ്രാം, ഓപിയം-2.5 ഗ്രാം, മോര്‍ഫിന്‍-അഞ്ച് ഗ്രാം, എംഡിഎംഎ-0.5 ഗ്രാം എന്നിങ്ങനെയുള്ള അളവുകള്‍ മീഡിയം ക്വാണ്ടിറ്റിയിലാണ് ഉള്പ്പടുന്നത്. ഇതില്‍ താഴെ അളവില്‍ ലഹരി കൈവശം വയ്ക്കുന്നവര്‍ക്കു ജാമ്യം ലഭിക്കും.