ലഹരിക്കെതിരേ കത്തോലിക്ക കോൺഗ്രസ് കർമസേന
Wednesday, March 5, 2025 2:52 AM IST
കൊച്ചി: കേരളത്തിൽ വർധിക്കുന്ന മാരക ലഹരി ഉപയോഗത്തിനെതിരേ കത്തോലിക്ക കോൺഗ്രസ് കർമസേന രൂപവത്കരിക്കും.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും കർമസേനയുടെയും ഉദ്ഘാടനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായതു കൊലപാതകങ്ങളിലേക്കു വരെ എത്തിച്ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
സാധാരണക്കാരെ കാരിയർമാരായി കുരുതികൊടുക്കുകയാണ്. കേരളത്തിൽ മയക്കുമരുന്ന് ഒഴുക്കുന്ന വമ്പൻമാരും രാഷ്ട്രീയ സ്വാധീനം ഉള്ളവരും ഇതിനു പിന്നിലുണ്ട്. ചില യുവജന, വിദ്യാർഥി സംഘടനകളിൽ ബോധപൂർവം കടന്നുകൂടി ചിലർ മയക്കുമരുന്ന് വിതരണത്തിനു സാഹചര്യം ഒരുക്കുന്നത് ആശങ്കാജനകമാണ്.പിടിക്കപ്പെട്ട കുറ്റവാളികളെ രക്ഷിക്കാൻ ആളുണ്ട് എന്നതുകൊണ്ടാണ് ഇത്രയും വ്യാപനം നടക്കുന്നത്.
ഭരണാധികാരികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഭാഗത്തുനിന്ന് ശക്തമായ നടപടിയാണ് വേണ്ടത്. രാഷ്ട്രീയം നോക്കാതെ നടപടി എടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ സമിതി ഉണ്ടാക്കണം. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നു സർക്കാർ ഉറപ്പാക്കണം. ലഹരി മാഫിയയെ അടിച്ചമർത്താൻ സർക്കാർ തയാറാകണം.
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന കർമസേന, യൂണിറ്റ് തലങ്ങളിൽ അതത് പ്രദേശങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകും. പൊതു ഇടങ്ങളിൽ നിരീക്ഷണങ്ങൾ നടത്തി, ഗൗരവമായ കാര്യങ്ങൾ സർക്കാർ, പോലീസ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തും. ആവശ്യമായ സ്ഥലങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കും. വിവിധ തലങ്ങളിൽ ബോധവത്കരണങ്ങളും കാമ്പയിനും സംഘടിപ്പിക്കും.
തുടർ കർമപരിപാടികളിലൂടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറര് അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, സിജോ ഇലന്തൂർ, ആൻസമ്മ സാബു എന്നിവർ അറിയിച്ചു.