നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്
Wednesday, March 5, 2025 12:54 AM IST
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിൽ ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യ ജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കാട്ടിൽനിന്നു നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊന്ന് ഇല്ലായ്മ ചെയ്യാൻ ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് ഭരണ സമിതി യോഗം ഐകകണ്ഠ്യേന തീരുമാനമെടുത്തു.
ഇതിനായി 20 പേരടങ്ങുന്ന എം പാനൽ ഷൂട്ടർമാരെ നിയോഗിക്കുന്നതിനും ഇക്കാര്യം സർക്കാരിനെ അറിയിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമെടുത്തു.
അതേസമയം, ചക്കിട്ടപ്പാറ പഞ്ചായത്തിൽ ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നി ഒഴികെയുള്ള വന്യ ജീവികളെ ഇല്ലായ്മ ചെയ്യുന്നതിനെതിരേ പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
കർഷകർ നേരിടുന്ന വന്യ ജീവി ശല്ല്യത്തിനറുതി വരുത്താൻ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി എടുത്തത് ധീരമായ തീരുമാനമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് ആദ്യമായിട്ടാവും ഒരു പഞ്ചായത്ത് ഭരണസമിതി ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ ജന പ്രതിനിധികളും ഇക്കാര്യത്തിൽ ഒന്നിച്ചു നിന്നതും ശ്രദ്ധേയമാണ്.