ഒരു ചുവട് മുന്നോട്ട്
Wednesday, March 5, 2025 2:52 AM IST
ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്
കലിഫോര്‍ണിയ ആസ്ഥാനമായുള്ള ബഥേല്‍ മ്യൂസിക് 2017ല്‍ പുറത്തിറക്കിയ മനോഹരമായ ഒരു ഗാനമുണ്ട്. "നിന്റെ കാര്യമെല്ലാം ശരിയാകും' എന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്താവുന്ന ടൈറ്റിലാണ് ഗാനത്തിന്റേത് (You're Gonna Be Ok). ജെല്‍ ജോണ്‍സന്റേതാണ് ഗാനം.
കേള്‍ക്കുന്ന എല്ലാ മനുഷ്യരിലേക്കും പ്രത്യാശ പകരുന്ന വരികളും സംഗീതവുമാണ് ഈ ഗാനത്തിനുള്ളത്.
നീ കൂടുതല്‍ കരുത്തുള്ളവനായിരിക്കണം, ഒരിക്കലും പ്രതീക്ഷ കൈവെടിയരുത്, പിടിച്ചുനില്‍ക്കുക, പരാജയപ്പെടരുത്, ഒരു ചുവട് മുന്പോട്ടുവയ്ക്കുക, അതിനോടു ചേര്‍ന്ന് അടുത്ത ചുവട്, ഇരുട്ടിലും കാണപ്പെടുന്ന വെളിച്ചത്തെ പിന്തുടരുക, നിങ്ങള്‍ക്ക് ഇതിലൂടെ കടന്നുപോകാന്‍ സാധിക്കും, പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടുത്തരുത്, നീ വിചാരിക്കുന്നതിലും കരുത്ത് നിനക്കുണ്ട്... തുടങ്ങിയ ആശയങ്ങളാണ് ഗാനം മുഴുവന്‍ നിറഞ്ഞുനില്ക്കുന്നത്. നിരാശയില്‍ കഴിയുന്നവര്‍ക്കു പ്രത്യാശയും പരാജയപ്പെട്ടവര്‍ക്കു മുന്നോട്ടുപോകാനുള്ള ഊര്‍ജവും എല്ലാം അവസാനിച്ചു എന്നു വിചാരിക്കുന്നവര്‍ക്ക് എല്ലാം പുതുതായി തുടങ്ങാനുള്ള ആവേശവും ഈ ഗാനം നല്കുമെന്നു തീര്‍ച്ച.
വെറുതെയാകില്ലെന്ന ഉറപ്പ്
പ്രത്യാശയുടെ കിരണങ്ങള്‍ മനുഷ്യമനസിലേക്കു വീശുന്ന ദിനങ്ങളാണ് നോമ്പിന്റേത്. പ്രതിസന്ധികളുടെ നേരത്തും പരാജയങ്ങളുടെ സമയത്തും ദൈവത്തിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിക്കാന്‍ പ്രത്യാശ നമ്മെ സഹായിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ പോരാട്ടങ്ങള്ക്കപ്പുറത്തേക്കു നോക്കാനും ദൈവത്തിന്റെ ശക്തിയില്‍ മനസുറപ്പിക്കാനും പ്രത്യാശയാണ് നമ്മെ പ്രാപ്തരാക്കുന്നത്.
നമ്മുടെ പ്രാര്‍ഥനകളും ത്യാഗങ്ങളും വെറുതെയാകില്ലെന്ന ഉറപ്പാണ് പ്രത്യാശ. എല്ലാ കൊടുങ്കാറ്റുകള്ക്കുമപ്പുറം ശാന്തതയുണ്ടെന്നും എല്ലാ കടലുകള്‍ക്കും തീരമുണ്ടെന്നും എല്ലാ പര്‍വതങ്ങള്‍ക്കും താഴ്വരയുണ്ടെന്നും എത്ര വലിയ ചൂടിനും ശമനമുണ്ടാകുമെന്നും എല്ലാ മഴയും പെയ്തുതോരുമെന്നുമുള്ള മനസിന്റെ ഉറപ്പാണ് പ്രത്യാശ.
നമ്മളില്‍ ചിലര്‍ രോഗങ്ങള്‍ വരുമ്പോള്‍ എല്ലാം അവസാനിച്ചെന്ന ധാരണയില്‍ നിരാശയിലാണ്ടുപോകാറുണ്ട്. പ്രിയപ്പെട്ടവരുടെ വേര്‍പാട് ചിലരെ ചിലപ്പോള്‍ സങ്കടത്തിന്റെ പെരുംകടലിലാഴ്ത്താറുണ്ട്. ചെയ്യുന്നതൊന്നും ശരിയാകുന്നില്ല എന്ന തോന്നല്‍ ചിലരെ മരിക്കാന്‍വരെ പ്രേരിപ്പിച്ചേക്കാം. സാമ്പത്തിക ബാധ്യതയാല്‍, സ്നേഹം നിരസിക്കപ്പെട്ടതിനാല്‍, പരീക്ഷകളില്‍ വിജയിക്കാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍വരെ ചിലര്‍ തീരുമാനിച്ചു നടപ്പിലാക്കിയതും നമുക്കറിയാം. അവര്‍ക്കെല്ലാം യഥാര്‍ഥത്തില്‍ ഒറ്റ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ - പ്രത്യാശയില്ലായ്മ. പ്രത്യാശയുടെ ആകാശത്തിലേക്കു കണ്ണുകളുയര്‍ത്താന്‍ അവര്‍ക്കു സാധിച്ചില്ല.
കരുത്തരാണ് നാം
കൊണ്ണേലിയ അര്‍നോള്‍ഡ ജൊഹാന എന്ന ഒരു ഡച്ച് എഴുത്തുകാരിയുണ്ട്. 1983ല്‍ മരിച്ച അവര്‍ അറിയപ്പെട്ടിരുന്നത് "കൊറിയെ തെന് ബൂം' (Corrie ten Boom) എന്നായിരുന്നു. യഹൂദരെ സഹായിച്ചതിന്റെ പേരില്‍ നാസികള്‍ അവരെ റാവന്സ്ബുര്ഗ് കോണ്സെന്ട്രേഷന് ക്യാമ്പില്‍ അടച്ചു. അതിനെ അതിജീവിച്ച അവര്‍ പിന്നീട് പറഞ്ഞ വാക്കുകളും എഴുതിയ പുസ്തകങ്ങളും ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പേരെ സ്വാധീനിച്ചിട്ടുണ്ട്. "ദൈവത്തിന് എത്തിച്ചേരാന്‍ പറ്റാത്തത്ര ആഴമുള്ള ഒരു കുഴിയുമില്ല' എന്നത് അവരുടെ പ്രസിദ്ധമായ ഒരു വാക്യമാണ്. ആ വാക്യം അനേകരെ പ്രത്യാശയിലേക്കു നയിച്ചിട്ടുണ്ട്.
നമ്മളും ജീവിതത്തില്‍ പരാജയത്തിന്റെയും തകര്‍ച്ചയുടെയും രോഗങ്ങളുടെയും കയ്പുനീര് കുടിച്ചിട്ടുണ്ടാകും. പക്ഷേ, നിരാശപ്പെടരുത്. പ്രത്യാശയുള്ളവരാകണം നമ്മള്. വിചാരിക്കുന്നതിലുമധികം കരുത്ത് നമുക്കുണ്ട്. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. "നിന്റെ ഭാരം കര്‍ത്താവിനെ ഏല്പിക്കുക, അവിടുന്നു നിന്നെ താങ്ങിക്കൊള്ളും' എന്ന സങ്കീര്‍ത്തകന്റെ വാക്കുകള്‍(55:22) നമുക്കു കരുത്തേകട്ടെ.