ആശാവർക്കർമാർക്കു പിന്തുണയുമായി നേതാക്കൾ
Wednesday, March 5, 2025 2:52 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്കു പിന്തുണയുമായി ഇന്നലെയും നേതാക്കൾ സമരപ്പന്തലിലെത്തി.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ സമരം ചെയ്യുന്നവർക്ക് അഭിവാദ്യമർപ്പിച്ചു പ്രസംഗിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പാർട്ടി നേതാക്കളായ ശോഭ സുന്ദ്രേൻ, പി.കെ. കൃഷ്ണദാസ് എന്നിവരും സമരപ്പന്തലിലെത്തി. ആശാ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്നു കെ. സുരേന്ദ്രൻ പറഞ്ഞു. സമരം കേരളത്തിന്റെ മനസാക്ഷിക്കു മുന്നിൽ വലിയ ചോദ്യചിഹ്നമായി ഉയർന്നുവന്നിരിക്കുകയാണ്.
സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും തെറ്റില്ലെന്നും കേരളത്തിലെ ജനങ്ങൾ ഒരു മുത്തം കൊടുക്കുന്നുണ്ടെങ്കിൽ അത് ഈ ആശാ വർക്കർമാർക്കു തന്നെയാവുമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ നൽകേണ്ട കണക്ക് കൃത്യമായി കേന്ദ്രത്തിനു നൽകണം. പണം വൈകിയാൽ മോദി, പണം കൃത്യമായി നൽകിയാൽ പിണറായി. അതെന്തു രീതിയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ആശാവർക്കർമാർ നടത്തുന്ന സമരത്തിനു ബാനർ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ചിത്രകാരന്മാർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ചിത്രകാരൻ ബി.ഡി. ദത്തൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ കാട്ടൂർ നാരായണപിള്ള, ലളിതകലാ അക്കാദമി മുൻ സെക്രട്ടറി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.