പിണറായിക്കുവേണ്ടി സിപിഎം നയത്തിൽ മാറ്റം; ക്യാപ്റ്റനാക്കും, ഇളവും നല്‍കും
Wednesday, March 5, 2025 2:52 AM IST
റെനീഷ് മാത്യു
കണ്ണൂർ: കേരളാ മുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ പിണറായി വിജയനു സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും പ്രായപരിധിയിൽ ഇളവ് നൽകുന്നതോടൊപ്പം രണ്ടു ടേമിൽ കൂടുതൽ മത്സരിക്കാൻ പാടില്ലെന്ന സിപിഎം നയത്തിലും മാറ്റം വന്നേക്കും.
പിണറായിക്കു പ്രായപരിധിയിൽ ഇളവുനല്‍കുന്ന കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനും സൂചിപ്പിച്ചുകഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായിതന്നെ നയിക്കുമെന്നും ഇരുവരും മാധ്യമങ്ങൾക്കു നല്കിയ അഭിമുഖങ്ങളിൽ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. അതിനാൽ, കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയനെ മുൻനിർത്തിയുള്ള മൂന്നാം ഭരണത്തിനായുള്ള നീക്കമായിരിക്കും നടക്കുന്നത്.
സെക്രട്ടേറിയറ്റിൽനിന്ന് മൂന്നുപേർ ഒഴിവായേക്കും
കൊല്ലം സമ്മേളനത്തിൽ 75 വയസ് പ്രായപരിധി കര്‍ശനമായി നടപ്പിലാക്കിയാൽ പി.കെ. ശ്രീമതി, എ.കെ. ബാലന്, ആനാവൂര്‍ നാഗപ്പന് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയേക്കും.
പകരം മന്ത്രി എം.ബി. രാജേഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറി പി. മോഹനന് എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയേക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ കാര്യമായ അഴിച്ചുപണിയുണ്ടായേക്കില്ലെന്നാണു സൂചന. നാലു പുതുമുഖങ്ങൾ മാത്രമേ ഇടം നേടാൻ സാധ്യതയുള്ളൂ.
പി.കെ. ശ്രീമതി ഒഴിയുന്നതിനാല്‍ ജെ. മേഴ്സിക്കുട്ടിയമ്മ സംസ്ഥാന സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യതയുണ്ട്. ആനാവൂര്‍ നാഗപ്പന്റെ ഒഴിവില്‍ കടകംപള്ളി സുരേന്ദ്രന്റെ പേര് സജീവ പരിഗണനയിലാണ്.
ജനുവരിയില്‍ 75 വയസ് പൂര്‍ത്തിയാകാത്തതിനാലാണ് ഇ.പി. ജയരാജന്, ടി.പി. രാമകൃഷ്ണന് എന്നിവരെ സെക്രട്ടേറിയറ്റിലേക്ക് നിലനിര്‍ത്തുക. കണ്ണൂരിൽനിന്നുള്ള പി. ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയേക്കില്ല.
മത്സര നയവും മാറും
എംഎൽഎമാർക്ക് രണ്ടു ടേമിൽ കൂടുതൽ മത്സരിക്കാൻ അവസരം കൊടുക്കേണ്ടെന്ന സിപിഎം നയത്തിലും കൊല്ലം സമ്മേളനത്തിൽ മാറ്റമുണ്ടായേക്കും. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ടു ടേം വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ചർച്ച ജില്ലാ സമ്മേളനങ്ങളിൽ സജീവമായിരുന്നു.
രണ്ടു ടേം കഴിഞ്ഞവരെ മത്സരരംഗത്തുനിന്നു മാറ്റി നിർത്തണമെന്ന വ്യവസ്ഥ കർശനമാക്കിയാൽ 25 എംഎൽഎമാർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മാറിനിൽക്കേണ്ടി വരും. ഈ സാഹചര്യത്തിലാണു വിജയസാധ്യതയുള്ള എംഎൽഎമാരെ രണ്ട് ടേം വ്യവസ്ഥ മറികടന്നും മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നത്. ഇക്കാര്യം സംസ്ഥാനസമ്മേളനത്തിൽ ചർച്ച ചെയ്യും. തുടർന്ന്, തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനസമിതി ഈ വിഷയം ചർച്ച ചെയ്തു നടപ്പാക്കും.