കത്തോലിക്കാസഭ വയനാട്ടിൽ നിർമിക്കുന്നത് 59 വീടുകൾ
Wednesday, March 5, 2025 2:52 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: വിലങ്ങാട്, പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിൽ പ്രഖ്യാപിച്ച 100 വീടുകളിൽ 59 എണ്ണം നിർമിക്കുന്നത് വയനാട്ടിൽ.
മാനന്തവാടി, ബത്തേരി, കോഴിക്കാട് രൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങൾ മുഖേനയാണ് ജില്ലയിൽ ഭവന നിർമാണം. കോഴിക്കോട് ജില്ലയിൽപ്പെട്ട വിലങ്ങാടിൽ 41 വീടുകളാണ് ദുരന്തബാധിതർക്കായി പണിയുക. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് താമരശേരി രൂപതയാണ് ചുക്കാൻ പിടിക്കുന്നത്.
വയനാട്ടിൽ 37 വീടുകൾ മാനന്തവാടി രൂപതയുടെ നിയന്ത്രണത്തിലുള്ള വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് നിർമിക്കുന്നത്. ബാക്കി വീടുകൾ ബത്തേരി രൂപതയ്ക്കു കീഴിലുള്ള ശ്രേയസും കോഴിക്കോട് രൂപതയുടെ മേൽനോട്ടത്തിലുള്ള ജീവനയും പണിയും.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് ബത്തേരി രൂപത പൂമലയിൽ ഒരേക്കർ സ്ഥലം കണ്ടെത്തിയതായി ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പറഞ്ഞു. കോഴിക്കോട് രൂപത എത്ര വീടുകൾ എവിടെ നിർമിക്കുമെന്നതിൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് വികാരി ജനറാൾ മോൺ. ജെൻസണ് പുത്തൻവീട്ടിൽ, ജീവന എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.വി.സി. ആൽഫ്രഡ് എന്നിവർ പറഞ്ഞു. സംസ്ഥാന സർക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുന്നവരുടെ പൂർണ അന്തിമ പട്ടിക പുറത്തുവിടുന്ന മുറയ്ക്ക് ബത്തേരി, കോഴിക്കോട് രൂപതകൾ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പുനരധിവാസ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതായി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ പറഞ്ഞു.
പുനരധിവാസത്തിന് സർക്കാർ കണ്ടെത്തിയത് 393 കുടുംബങ്ങളെ
പുനരധിവാസം എറ്റവും കുറഞ്ഞ ചെലവിൽ നടത്താൻ കഴിയുന്ന സ്ഥിതിയിലാണിപ്പോൾ സംസ്ഥാന സർക്കാർ. ദുരന്ത ബാധിതരിൽ പുനരധിവസിപ്പിക്കേണ്ടതായി സർക്കാർ കണ്ടെത്തിയത് 393 കുടുംബങ്ങളെയാണ്. ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി അന്തിമ ഗുണഭോക്തൃ പട്ടികയിൽ 242 കുടുംബങ്ങളാണുള്ളത്.
രണ്ട് എ കരടുപട്ടികയിൽ 81 ഉം രണ്ട് ബി കരട് പട്ടികയിൽ 70 ഉം കുടുംബങ്ങളാണ് ഉൾപ്പെട്ടത്. ഈ പട്ടികകളിൽ കാര്യമായ മാറ്റം ഉണ്ടാകുമെന്ന് ദുരന്തബാധിതർ കരുതുന്നില്ല. അർഹതയുള്ള അനേകം കുടുംബങ്ങൾ സർക്കാർ പട്ടികയ്ക്കു പുറത്താണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.
പുഞ്ചിരിമട്ടം ദുരന്തബാധിതർക്ക് ഭവനം നിർമിച്ചുനൽകാമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും വ്യക്തികളും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. രാഹുൽഗാന്ധി എംപിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നൂറു വീതം വീടുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ 200 വീടുകളുടെയും നിർമാണം സമയബന്ധിതമായി നടത്തുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പുനരധിവാസത്തിന് തെരഞ്ഞെടുത്തതിൽ അഞ്ച് കുടുംബങ്ങൾ സർക്കാർ പ്രസിദ്ധപ്പെടുത്തിയ പട്ടികയിൽ ഉൾപ്പടുന്നതാണ്.
പട്ടികയിലുള്ളതിൽ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ 15 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പാർട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും മറ്റും തയാറാക്കുന്ന ഗുണഭോക്തൃ പട്ടികകളിൽ ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ഇൻർ ഏജൻസി ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കലാണ് ഗ്രൂപ്പ് കണ്‍വീനർ.