പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി
Wednesday, March 5, 2025 3:05 AM IST
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിൽ വാക്കൗട്ട് പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ എ.എൻ. ഷംസീർ.
ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു ചർച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെ ഇടപെട്ട സ്പീക്കർ ഇവിടെ പറയാൻ സമയപരിധിയുണ്ടെന്ന വാണിംഗ് നൽകി.
പറയാനുള്ളത് ഇവിടെ പറഞ്ഞിട്ടേ പോകൂ എന്നു പറഞ്ഞ സതീശനോട് ബാക്കി പുറത്തു പറയാമെന്നായിരുന്നു സ്പീക്കറുടെ ആവർത്തിച്ചുള്ള ഭീഷണി. പറയാനുള്ളതു പറയുമെന്നു വീണ്ടും പറഞ്ഞ പ്രതിപക്ഷ നേതാവിനോട് അടുത്ത കാര്യപരിപാടിയിലേക്കു കടക്കുമെന്നു വീണ്ടും സ്പീക്കർ കടുത്ത ദേഷ്യത്തോടു പറഞ്ഞു.
വീണ്ടും പ്രസംഗിക്കാൻ തുടങ്ങിയ പ്രതിപക്ഷ നേതാവിനോടു സമരം ചെയ്യുന്ന ആശമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന നിങ്ങളുടെ വാദം ഉന്നയിച്ചല്ലോ എന്നു പറഞ്ഞു മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം തുടങ്ങി 10.56 മിനിറ്റിലെത്തിയപ്പോഴായിരുന്നു സ്പീക്കറുടെ ഇടപെടൽ.
പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയതതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി സ്പീക്കർക്കും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ ബഹളത്തിനിടെ സഭാ നടപടിക്രമങ്ങൾ ഏതാനും സമയത്തിനകം പൂർത്തിയാക്കി സഭ പരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.
കർണാടക മുഖ്യമന്ത്രി ഇടപെട്ട് അവിടുത്തെ ആശാ പ്രവർത്തകരുടെ സംസ്ഥാന സർക്കാർ ഓണറേറിയം 10,000 രൂപയായി ഉയർത്തിയ കാര്യം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെ സിപിഎം അംഗങ്ങൾ ബഹളവുമായി രംഗത്ത് എത്തിയിരുന്നു. പ്രസംഗം മുഖ്യമന്ത്രിയിലേക്കു പോകുമെന്നു കരുതിയായിരുന്നു സിപിഎം അംഗങ്ങളുടെ ബഹളം.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അധികസമയം നൽകിയാൽ പ്രതിഷേധമെന്ന് സതീശൻ
പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത സ്പീക്കർ, ഇനി മുതൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിശ്ചയിച്ച സമയത്തിൽ അധികം നൽകിയാൽ പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും നടപടിയുണ്ടായില്ലെങ്കിൽ പ്രതിപക്ഷം ഇറങ്ങിപ്പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആശാ പ്രവർത്തകരുടെ സമരത്തോടുള്ള സർക്കാരിന്റെ അസഹിഷ്ണുതയാണ് നിയമസഭയിൽ പ്രതിഫലിച്ചത്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കിങ്കരനെപ്പോലെയാണ് സ്പീക്കർ എ.എൻ. ഷംസീർ പ്രവർത്തിച്ചത്.
രാവിലെ ചോദ്യോത്തര വേള മുതൽ യുഡിഎഫ് അംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്താൻ സ്പീക്കർ ബോധപൂർവമായ ശ്രമം നടത്തിയെന്നും സതീശൻ ആരോപിച്ചു.