സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്
Wednesday, March 5, 2025 12:54 AM IST
പാലക്കാട്: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. മാത്തൂർ തണ്ണീരങ്കാട് സഹകരണബാങ്കിൽ 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആലത്തൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാലു ജീവനക്കാർക്കെതിരേ കുഴൽമന്ദം പോലീസ് കേസെടുത്തു.
നീതിസ്റ്റോർ നടത്തിപ്പുകാരൻ സത്യവാൻ, ബാങ്ക് സെക്രട്ടറി ജയ, ജീവനക്കാരായ അജിത, സുദേവൻ എന്നിവർക്കെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സഹകരണസംഘം രജിസ്ട്രാറുടെ പരാതിയിലാണ് നടപടി. നീതിസ്റ്റോർ നടത്തിപ്പിൽ ക്രമക്കേട് നടത്തിയാണ് ഇവർ ബാങ്കിന് നഷ്ടമുണ്ടാക്കിയതെന്നാണ് റിപോർട്ട്.
ജീവനക്കാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2021 ഡിസംബർ മുതൽ 2024 മേയ് വരെയാണ് ക്രമക്കേട് നടത്തിയതെന്ന് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. കണക്കുകളിൽ മന:പൂർവം തിരിമറി നടത്തിയതായും എഫ്ഐആറിലുണ്ട്.
അതേസമയം ബാങ്കിന് 21 ലക്ഷം രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായതെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. ബാങ്കിനുണ്ടായ നഷ്ടം ഒന്നാംപ്രതി സത്യവാനിൽനിന്ന് ഈടാക്കുമെന്നും സത്യവാന്റെ സ്വത്ത് കണ്ടുകെട്ടാൻ നിയമനടപടി തുടങ്ങുമെന്നും ഭരണസമിതി അറിയിച്ചു.
2021ൽ തന്നെ സത്യവാനെ ചുമതലയിൽനിന്ന് ഒഴിവാക്കിയിരുന്നുവെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.