പിടിവിടാതെ വിജിലൻസ്; 1213 കൈക്കൂലിക്കേസുകളിൽ വിചാരണ തുടരുന്നു
Wednesday, March 5, 2025 3:05 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: സംസ്ഥാനത്ത് വിജിലൻസ് പിടികൂടിയ കൈക്കൂലിക്കേസുകളിൽ കഴിഞ്ഞവർഷം വിചാരണ നേരിട്ടത് 1254 കേസുകൾ. ഈ കേസുകളിലായി 98പേർ ശിക്ഷിക്കപ്പെട്ടു. ഇക്കൊല്ലം ഇതുവരെ 1213 കേസുകളിലാണു വിചാരണ നടക്കുന്നത്.
കഴിഞ്ഞ ഏഴു വർഷത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത് കഴിഞ്ഞ വർഷമാണ്. 2018ൽ 907 കേസുകളുണ്ടായിരുന്നത് 2021 ഒാടെ ആയിരം കടന്നു. 2019ൽ 918, 2020ൽ 921, 2021ൽ 1,030 കേസുകളാണ് കോടതിക്കുമുന്നിലെത്തിയത്. തുടർ വർഷങ്ങളിൽ 1405, 1104 കേസുകൾ വിചാരണയിലുണ്ടായിരുന്നത് കഴിഞ്ഞവർഷം ഉയർന്ന നിരക്കിലെത്തുകയായിരുന്നു.
2018ൽ 61 ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടപ്പോൾ തുടർന്നിങ്ങോട്ട് ഒാരോ വർഷവും 56, 23, 20, 75, 54, 98 എന്നിങ്ങനെ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടു. ഇക്കൊല്ലം ഇതുവരെ അഞ്ചു പേരാണു ശിക്ഷിക്കപ്പെട്ടത്.
വിജിലൻസ് പരിശോധനകളിൽ കൈയോടെ പിടികൂടുന്ന കേസുകളുടെ കണക്കെടുക്കുന്പോൾ ഇത്തവണ കോടതിയിലെത്തുന്ന കേസുകളുടെ എണ്ണം ഇനിയും ഉയരാനാണു സാധ്യത. കേസുകളിൽ ശിക്ഷ നടപ്പാക്കുന്പോഴും വർഷംതോറും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതിനാൽ കോടതി പരിഗണനയിലുള്ള കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകാനിടയില്ലെന്നാണു വിജിലൻസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം 94 കേസുകളിൽ കുറ്റപത്രം നല്കി. ഏറ്റവും കൂടുതൽ കുറ്റപത്രം നല്കിയത് 2023ൽ 128 ആണ്. ഇത്തവണ എട്ടു കേസുകളിലാണു കുറ്റപത്രം നല്കിയത്. 2018 മുതൽ 60, 109, 117, 148, 74 കേസുകളിലാണു വർഷംതോറും കുറ്റപത്രം നല്കിയത്.
വിജിലൻസ് പിടികൂടിയ കേസുകൾ കീഴ്കോടതിയിൽ അറുപതു ദിവസത്തിനുള്ളിലും സെഷൻസ് കോടതി കൈകാര്യം ചെയ്യേണ്ട കേസാണെങ്കിൽ 90 ദിവസത്തിനുള്ളിലുമാണു കുറ്റപത്രം തയാറാക്കുന്നത്. അതുകൊണ്ടുതന്നെ വർഷാവസാന മാസങ്ങളിൽ പിടികൂടുന്ന കേസുകൾ ഒരുപക്ഷേ കോടതിയിലെത്തുക അടുത്ത വർഷമായിരിക്കും.
കഴിഞ്ഞ വർഷം 987 മിന്നൽ പരിശോധനകൾ നടത്തി. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടാൻ 98 കെണികളൊരുക്കി. ഈ വർഷം 39 മിന്നൽ പരിശോധനകളും എട്ടു കെണികളുമാണു നടത്തിയത്. വിജിലൻസിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ 1948 മിന്നൽ പരിശോധനകൾ നടത്തിയത് 2023ലാണ്.
വിജിലൻസ് എൻക്വയറി (കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുന്പുള്ള പരിശോധനകൾ), പ്രിലിമിനറി എൻക്വയറി (പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴന്പുണ്ടോയെന്ന് അന്വേഷിക്കുന്നത്), ക്വിക്ക് വെരിഫിക്കേഷൻ (രേഖകൾ പരിശോധിക്കുന്നത്), കോൺഫിഡൻഷൽ വെരിഫിക്കേഷൻ (പരാതിക്കാരില്ലാത്ത സംഭവങ്ങളിൽ ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക്കുന്നത്) തുടങ്ങിയ നിയമനടപടികൾ നേരിടുന്ന കേസുകൾ ഇതിലും കൂടുതലാണ്. ഇത്തവണയും ഇരുനൂറിലധികം മിന്നൽ പരിശോധനകളാണു റവന്യു, രജിസ്ട്രേഷൻ, ആരോഗ്യം, പോലീസ്, എക്സൈസ്, നികുതി തുടങ്ങിയ വകുപ്പുകളിലായി വിജിലൻസ് ആസൂത്രണം ചെയ്തിട്ടുള്ളത്.