സിദ്ധാര്‍ഥന്റെ മരണം; അന്വേഷണം ഈ മാസം 31നകം പൂര്‍ത്തിയാക്കണം
Wednesday, March 5, 2025 3:05 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാര്ഥികള്ക്കെതിരേ നടത്തുന്ന അന്വേഷണം മാര്‍ച്ച് 31നകം സര്‍വകലാശാല പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി.
പ്രതികളായ 17 വിദ്യാര്‍ഥികള്‍ക്കു മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുമതി നല്‍കിയതടക്കം 2024 ഡിസംബറിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ മാതാവ് എം.ആര്. ഷീബ നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റീസ് അമിത് റാവല്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. സിംഗിള്‍ബെഞ്ച് ഉത്തരവിനു നേരത്തേ പുറപ്പെടുവിച്ച സ്റ്റേ തുടരും.
പ്രതികളെ കോളജില്‍നിന്നു പുറത്താക്കിയതും ഡീബാര്‍ ചെയ്തതും റദ്ദാക്കിയ സിംഗിള്‍ ബെഞ്ച്, ആന്റി റാഗിംഗ് സ്ക്വാഡിന്റെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ കേസിന്റെ അന്വേഷണപുരോഗതി കോടതി ആരാഞ്ഞു.
മേയ് 19ന് അന്വേഷണം പൂര്‍ത്തിയാകുമെന്നും അതുവരെ ഇടക്കാല സ്റ്റേ നീക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അത്രയും സമയം അനുവദിക്കാനാകില്ലെന്നും മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.