ലഹരിക്കയത്തിൽനിന്ന് അക്ഷരലോകത്തേക്ക്
Wednesday, March 5, 2025 2:52 AM IST
ശ്രീജിത് കൃഷ്ണന്
കാഞ്ഞങ്ങാട്: മദ്യപിക്കാന്‍വേണ്ടി ജീവിക്കുന്നു എന്നു പറയുന്നതുപോലെയായിരുന്നു കാഞ്ഞങ്ങാട് വേലാശ്വരത്തെ ചെങ്കല്‍ ലോഡിംഗ് തൊഴിലാളിയായ വിനുവിന്റെ ജീവിതം രണ്ടുവര്‍ഷം മുമ്പുവരെ. അവിവാഹിതനാണ്. ജോലിചെയ്തു കിട്ടുന്ന പണം മുഴുവന്‍ ചെലവാക്കി മദ്യപിക്കും. പത്താംക്ലാസില്‍ തോറ്റതോടെ പഠനം നിര്‍ത്തി ക്വാറിയില്‍ കൂലിത്തൊഴിലാളിയായ വിനുവിന് ജീവിതത്തോടു മുഴുവന്‍ ഒരുതരം നിരാശാബോധമായിരുന്നു.
തന്റെ കാഴ്ചകളും അനുഭവങ്ങളും ചിന്തകളും കവിതകളായും കുറിപ്പുകളായും ഫേസ്ബുക്കില്‍ ഇടുന്ന സ്വഭാവമുണ്ടായിരുന്നു. അവയിലേറെയും നിറഞ്ഞുനിന്നത് മരണചിന്തകളായിരുന്നു. മോഹൻലാലിന്റെ സ്പിരിറ്റ് സിനിമയിലെ സിദ്ധാര്‍ഥിന്റെ കഥാപാത്രത്തെപോലെ ഒടുവില്‍ ചെറുപ്രായത്തില്‍തന്നെ വിനു മരണത്തെ മുഖാമുഖം കണ്ടു.
അമിതമദ്യപാനം മൂലം രോഗബാധിതനായി ആശുപത്രിക്കിടക്കയിലായി. അവിടെയും വിനു ഏറെക്കുറെ ഒറ്റപ്പെട്ടവനായിരുന്നു. പക്ഷേ അധ്യാപികയും എഴുത്തുകാരിയും നടിയുമായ സി.പി. ശുഭ വിനുവിനെ കാണാന്‍ ആശുപത്രിയിലെത്തി.
കാഞ്ഞങ്ങാട്ടെ നന്മമരം എന്ന സാമൂഹിക കൂട്ടായ്മയുടെ സംഘാടകനും പ്രവാസിയുമായ ഹരി നോര്‍ത്ത് കോട്ടച്ചേരിയാണ് വിനുവിന്റെ കാര്യം ശുഭയോട് പറഞ്ഞത്.
വിനുവിന്റെ ഫേസ്ബുക്ക് കുറിപ്പുകളിലെ ചിന്തകളുടെ ആഴം ഹരി ശ്രദ്ധിച്ചിരുന്നു. ഇത്രയും നന്നായി എഴുതാന്‍ കഴിവുള്ള ഒരാള്‍ നിരാശ ബാധിച്ച് മദ്യത്തിനടിമയായി ആശുപത്രിയില്‍ കിടക്കുന്ന അവസ്ഥയില്‍നിന്ന് കരകയറണമെന്ന ആഗ്രഹമാണ് ഹരിക്കും ശുഭയ്ക്കുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പോസിറ്റീവ് എനര്‍ജി നല്കുന്ന അഞ്ച് പുസ്തകങ്ങളുമായാണ് ശുഭ വിനുവിനെ കാണാനെത്തിയത്.
ആശുപത്രിക്കിടക്കയില്‍ അക്ഷരങ്ങള്‍ തനിക്ക് കൂട്ടായെത്തിയപ്പോള്‍ എന്നോ കൈവിട്ടുപോയൊരു നന്മയുടെ ലോകം തിരിച്ചുപിടിച്ചതിന്റെ സന്തോഷമായിരുന്നു വിനുവിന്റെ മനസുനിറയെ. ഒരുപക്ഷേ പഴയകാലത്തെ ജീവിതസാഹചര്യങ്ങള്‍ കൊണ്ടുമാത്രം പത്താംക്ലാസ് തോറ്റുപോകുകയും മനസുകൊണ്ട് ഏറെ ഇഷ്ടപ്പെട്ടിരുന്ന അക്ഷരങ്ങളുടെ ലോകത്തുനിന്ന് അകന്നുപോകേണ്ടിവരികയും ചെയ്ത വിനുവിന് ജീവിതത്തോടുള്ള ആഭിമുഖ്യം തിരികെ കിട്ടി. മരണത്തിന്റെ വളരെ അടുത്തെത്തി തിരികെ വന്നതോടെ ജീവിതത്തിന്റെ വിലയും മനസിലായി.
ആശുപത്രി വിട്ടുകഴിഞ്ഞതില്പിന്നെ അക്ഷരങ്ങള്‍ മാത്രമായിരുന്നു വിനുവിന്റെ ലഹരി. ക്വാറിയിലെ ജോലി കഴിഞ്ഞുള്ള സമയമെല്ലാം വായനയ്ക്കായി മാറ്റിവച്ചു. ലഹരിയുടെ ലോകത്ത് കൂപ്പുകുത്തിയ കാലത്ത് കാണാതെപോയ മനോഹരമായ ലോകത്തെ കൂടുതല്‍ നന്നായി കണ്ടും വായിച്ചും അറിഞ്ഞു. തന്റെ ചിന്തകളെ കൂടുതല്‍ മനോഹരമായ ഭാഷയില്‍ അക്ഷരങ്ങളിലേക്കു പകര്‍ത്തി.
രണ്ടുവര്‍ഷമായി വിനു മദ്യം കൈകൊണ്ടു തൊട്ടിട്ടില്ല. ഈ കാലയളവിനുള്ളില്‍ എഴുതിയ 40 കവിതകളുടെ സമാഹാരം വെയില്‍രൂപങ്ങള്‍ എന്ന പേരില്‍ അടുത്തിടെ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്കു മുമ്പ് നിരാശയോടെ ഇറങ്ങിയ വിദ്യാലയത്തിന്റെ പടവുകളും കഴിഞ്ഞ ദിവസം വിനു തിരിച്ചുകയറി.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. സ്കൂളിന്റെ വാര്‍ഷികാഘോഷച്ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയ വിനു തന്റെ കവിതാസമാഹാരം സ്കൂള്‍ ലൈബ്രറിയിലേക്ക് കൈമാറി. വിനുവിന്റെ അതിജീവനത്തിന് ആദ്യം വഴികാട്ടിയ സി.പി. ശുഭയും ഉദ്ഘാടകയായി വേദിയിലുണ്ടായിരുന്നു.