നഴ്സിംഗ് കോളജ് റാഗിംഗ്: കോളജ് അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Monday, February 17, 2025 12:17 AM IST
ഗാന്ധിനഗര്‍: കോട്ടയം ഗ വണ്മെന്റ് നഴ്സിംഗ് കോളജിലെ റാഗിംഗുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.
റിമാന്‍ഡ് സമയത്ത് തന്നെ കസ്റ്റഡി അപേക്ഷയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് ഇന്നോ നാളെയോ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ അന്നുതന്നെ തെളിവെടുപ്പു നടത്തുമെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂ ചിപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷത്തില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് 2024 നവംബര്‍ നാലു മുതല്‍ ഡിസംബര്‍ 12 വരെ മാത്രമേ ആന്റി റാഗിംഗ് ഡ്യൂട്ടി നല്‍കിയിട്ടുള്ളൂ. അസിസ്റ്റന്റ് വാര്ഡന് ഒഴികെ മറ്റ് അധ്യാപകരാരും ഡ്യൂട്ടി ഷെഡ്യൂള്‍ പ്രകാരം ഹോസ്റ്റല്‍ സന്ദര്‍ശിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ല, ആന്റി റാഗിംഗ് കമ്മിറ്റി വിളിച്ചുകൂട്ടുന്നില്ല തുടങ്ങിയ ഗുരുതര കൃത്യവിലോപങ്ങളും കണ്ടെത്തി. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയായിരുന്ന ജീവനക്കാരന് ഹോസ്റ്റലില്‍ തന്നെ താമസിച്ചിട്ടും റാഗിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
കോളജ് അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.
ഇതിനിടയില്‍ എഫ്ഐആറിലെ പിശകുകള്‍ പ്രതികളെ സംരക്ഷിക്കാനാണെന്ന ഗുരുതരമായ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ എഫ്ഐആറിലെ പിശക് തിരുത്തി മജിസ്ട്രേറ്റിനു പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് അറിയിച്ചു.
മര്‍ദനം നടന്ന വര്‍ഷം മാറിയത് ക്ലറിക്കല്‍ പിശകായിട്ടാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍നിന്നും നാലു പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്നും പോലീസ് പറയുന്നു.