കടമെടുക്കാൻ മാർഗം തേടി മുഖ്യമന്ത്രി ഡൽഹിക്ക്
Sunday, March 9, 2025 1:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾ അടച്ചിടുന്ന അവസ്ഥ ഒഴിവാക്കാനും സാന്പത്തികവർഷം അവസാനമായ മാർച്ച് മാസത്തെ ചെലവുകൾക്കുള്ള പണം കണ്ടെത്തുന്നതിനുമായി കടമെടുക്കാനുള്ള അഞ്ചു മാർഗങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്കു പോകും.
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്തു സമാപിക്കുന്നതിനു പിന്നാലെ ഡൽഹിക്കു പോയി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്താനാണു തീരുമാനം.
പങ്കാളിത്ത പെൻഷനിൽനിന്ന് കടമെടുക്കണം
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ വിഹിതമായി സംസ്ഥാന സർക്കാർ അടയ്ക്കുന്ന തുകയിൽനിന്ന് കടമെടുക്കാൻ അനുമതി നൽകണമെന്നാണു പ്രധാന ആവശ്യം. സാധാരണയായി പങ്കാളിത്ത പെൻഷൻ വിഹിതമായി സംസ്ഥാന സർക്കാർ അടയ്ക്കുന്ന തുകയിൽനിന്നു കടമെടുക്കാൻ സംസ്ഥാനങ്ങൾക്കു കഴിയുമെന്നാണു കേരളത്തിന്റെ വാദം.
ട്രഷറി നീക്കിയിരിപ്പിന് ആനുപാതികമായി കടമെടുക്കാൻ അനുവദിക്കണമെന്നാണ് മറ്റൊരു വാദം. ട്രഷറി നീക്കിയിരിപ്പിന് ആനുപാതികമായ തുക കടമെടുക്കാൻ കേന്ദ്രാനുമതി ലഭിച്ചാൽ സംസ്ഥാനങ്ങൾക്കു കഴിയുമെന്നാണു വാദം. ഇതിന്റെ അടിസ്ഥാനത്തിൽ 10,000 കോടി രൂപയെങ്കിലും കടമെടുക്കാൻ അനുമതി നൽകണമെന്ന ആവശ്യമാകും പ്രധാനമായി ഉന്നയിക്കുക.വൈദ്യുതി മേഖലയ്ക്കു ലഭിക്കേണ്ട തുകയായ 5500 കോടി രൂപയുടെ വായ്പയെടുക്കാൻ അനുവദിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം.
വൈദ്യുതി പ്രസരണ-വിതരണ നഷ്ടത്തിനായി 0.5 ശതമാനം തുക വായ്പയായി എടുക്കാനാകും. കേരളത്തിന് ഇത് 5500- 6,000 കോടി രൂപ വരും. ഇതിന് അനുമതി നൽകിയതായി വ്യാപക പ്രചാരണമുണ്ടെങ്കിലും നിരന്തമായി ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കാപ്പക്സ് വായ്പാ കാലാവധി ദീർഘിപ്പിക്കണം
വയനാട് പുനർനിർമാണത്തിനായി അനുവദിച്ച 529.5 കോടി രൂപയുടെ കാപ്പക്സ് വായ്പ ചെലവഴിക്കുന്നതിനുള്ള കാലാവധി ആറു മാസത്തേക്കുകൂടി നീട്ടി നൽകണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം.
മാർച്ച് 31നകം വായ്പത്തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ആവശ്യം. ധനമന്ത്രി കെ.എൻ. ബാലഗോപാലും ധന അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകും മുഖ്യമന്ത്രിക്കൊപ്പം ഡൽഹിക്കു പോകുമെന്നാണു വിവരം.
ട്രഷറി സ്തംഭനത്തിലേക്ക്
തിരുവനന്തപുരം: കേന്ദ്രത്തിൽനിന്നു കടം ലഭിക്കാതെ ട്രഷറി സ്തംഭനം ഒഴിവാക്കാൻ കഴിയില്ലെന്ന അവസ്ഥയിൽ സംസ്ഥാനം എത്തി നിൽക്കുന്പോഴും മുഖ്യമന്ത്രിക്കു സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന് കോടികൾ വാടക യിനത്തിൽ അനുവദിച്ചു സർക്കാർ.
പണമില്ലാത്തതിനെത്തുടർന്ന് ട്രഷറി ഓവർ ഡ്രാഫ്റ്റിലേക്കു കൂപ്പുകുത്തിയിട്ടും മൂന്നു മാസത്തെ ഹെലികോപ്റ്ററിന്റെ വാടക ഇനത്തിൽ 2.4 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
മാവോയിസ്റ്റ് വേട്ടയ്ക്ക് പോലീസിനെ ഉപയോഗിക്കാനെന്ന രീതിയിലാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. എന്നാൽ, മുഖ്യമന്ത്രിയുടെ സഞ്ചാരത്തിനല്ലാതെ മറ്റു സമയങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗി ക്കുന്നില്ല.
വെറുതെ ഇട്ടിരിക്കുന്ന ഹെലികോപ്റ്ററിനാണ് സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കോടികൾ വാടകയിനത്തിൽ ചെലവഴിക്കുന്നത്. ഇതു കടുത്ത ധൂർത്താണെന്ന ആരോപണം വ്യാപകമായിട്ടും ഹെലികോപ്റ്റർ റദ്ദാക്കാൻ സർക്കാർ തയാറാകാത്തതിലും ഏറെ ദുരൂഹതയുണ്ട്.
ഇപ്പോൾ 2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി 20 വരെയുള്ള കുടിശികയാണ് അനുവദിച്ചത്.ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധികഫണ്ടായാണ് തുക അനുവദിച്ചത്. കഴിഞ്ഞ ആറിനാണ് തുക അനുവദിച്ച് ധനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.വാടക കുടിശിക ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
പണം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അടിയന്തര നിർദേശം നൽകി. ഹെലികോപ്റ്റർ ഉടമയായ ചിപ്സണ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിനാണ് തുക അനുവദിച്ചിട്ടുള്ളത്.