ഡോക്ടറുടെ 2.23 കോടി തട്ടിയെടുത്ത കേസില്‍ രാജസ്ഥാന് സ്വദേശി അറസ്റ്റില്‍
Tuesday, March 11, 2025 1:53 AM IST
കാസര്‍ഗോഡ്: ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി തട്ടിയെടുത്ത കേസിലെ പ്രതിയെ രാജസ്ഥാനില്‍ പോയി പിടികൂടി കാസര്‍ഗോഡ് സൈബര്‍ പോലീസ്. ജോധ്പൂര്‍ സ്വദേശി സുനില്‍കുമാര്‍ ജന്വറിനെയാണ് (24) കാസര്‍ഗോഡ് സൈബര്‍ എസ്ഐ എം.വി.ശ്രീദാസന്‍, എഎസ്ഐ പ്രശാന്ത്, എസ്സിപിഒമാരായ നാരായണന്, ദിലീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
കാസര്‍ഗോഡ് ബീരന്ത് വയലില്‍ താമസിക്കുന്ന തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ ഭാര്യക്ക് വീട്ടിലിരുന്നുള്ള ജോലി വാഗ്ദാനം ചെയ്ത് 2024 മേയ് 17 മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളിലായി ടെലഗ്രാം വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ട് 2,23,94,993 രൂപയാണു തട്ടിയെടുത്തത്.
പ്രതിയെ തേടി ബാങ്ക് വഴി നടത്തിയ അന്വേഷണത്തിലാണ് സുനില്‍കുമാര്‍ ജന്‍വറിന്റെ രാജസ്ഥാനിലെ മേല്‍വിലാസം ലഭിക്കുന്നത്. എന്നാല്‍, രാജസ്ഥാനിലെത്തിയപ്പോള്‍ പ്രതി ഇവിടെനിന്നു താമസം മാറിയതായി മനസിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭാഗസ്ഥനി പോലീസ് സ്റ്റേഷന് പരിധിയിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചത്.
പോലീസ് ഇവിടെയെത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അയല്‍വാസികളോടും മറ്റും അന്വേഷണം നടത്തിയതില്‍ പ്രതിയുടെ അച്ഛന് പക്ഷാഘാതം പിടിപെട്ടതിനാല്‍ ജോധ്പുരിലുള്ള ഏതോ ആശുപത്രിയില്‍ ചികിത്സയിലാണെന്നറിഞ്ഞു.
പ്രധാനപ്പെട്ട ആശുപത്രികള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയതില്‍ പ്രതിയുടെ അച്ഛന് ജോധ്പുരിലെ ഏറ്റവും വലിയ ആശുപത്രിയായ എംഡിഎം ആശുപത്രിയില്‍ ചികിത്സയിലാണെന്നു മനസിലായി. രണ്ടു ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ സുനില്‍കുമാറിനെ ആശുപത്രിയില്‍നിന്നു കണ്ടെത്തി.
വിവരമറിഞ്ഞ് കേരള പോലീസിനെ തടയാനെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയില്‍നിന്നു സുനില്‍കുമാറിനെ ശാസ്ത്രി നഗര്‍ പോലീസിന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും അവിടുത്തെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് നാട്ടിലേക്കു കൊണ്ടുവരികയുമായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ 18 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു ഡോക്ടര്‍ പണമയച്ചത്. സുനില്‍കുമാറിന്റെ അക്കൗണ്ടിലേക്ക് 18.5 ലക്ഷം രൂപയാണ് വന്നിട്ടുള്ളത്. ഈ തുക മുഴുവനും ഇയാള്‍ മൂന്നുതവണ ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ചു. ഇയാള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബോയ് ആയും ബൈക്ക് ടാക്സി ഡ്രൈവര്‍ ആയും ജോലി ചെയ്യുകയായിരുന്നു.
കേസിലെ മറ്റൊരു പ്രതി പയ്യന്നൂര്‍ കവ്വായി സ്വദേശി എ.ടി.മുഹമ്മദ് നൗഷാദ് (45) നേരത്തെ അറസ്റ്റിലായിരുന്നു. നഷ്ടപ്പെട്ട പണത്തില്‍ 10,79,518 രൂപയാണ് പോലീസിന് ഇതുവരെ വീണ്ടെടുക്കാനായത്.