കുടുംബശ്രീയെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്പോര്
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: കുടുംബശ്രീയെച്ചൊല്ലി ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നിയമസഭയിൽ വാക്പോര്.
ലോകോത്തര സംവിധാനമായ കുടുംബശ്രീയെ സർക്കാർ അവഗണിക്കുകയാണെന്നും സിഡിഎസ് അംഗങ്ങളുടെ യാത്രാബത്ത ഇപ്പോഴും 100 രൂപയാണെന്നും ഉയർത്തിയ തുക ഇതുവരെ നൽകിയിട്ടില്ലെന്നും പ്രതിപക്ഷത്തെ നജീബ് കാന്തപുരം ആരോപിച്ചു. 500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. 18,367 സിഡിഎസ് അംഗങ്ങൾക്കും യാത്രാബത്ത 1000 രൂപയാക്കി ഉയർത്തണമെന്ന് നജീബ് ആവശ്യപ്പെട്ടു.
കുടുംബശ്രീ ലോകോത്തരമാണെന്ന് 25 വർഷത്തിനു ശേഷം പ്രതിപക്ഷം അംഗീകരിച്ചെന്നും കുടുംബശ്രീയെ പരാജയപ്പെടുത്താൻ ജനശ്രീ കൊണ്ടുവന്നവരാണെന്നും മന്ത്രി എം.ബി.രാജേഷ് തിരിച്ചടിച്ചു. എല്ലാ മാർഗവും പ്രയോഗിച്ച് പരാജയപ്പെട്ടപ്പോഴാണ് കുടുംബശ്രീയെ അംഗീകരിക്കുന്നത്.
സർക്കാർ പരിപാടികൾക്ക് കൈയടിക്കാൻ എത്തിക്കുന്നെന്ന് പറഞ്ഞ് 48 ലക്ഷം കുടുംബശ്രീക്കാരെ ആക്ഷേപിക്കുകയാണ്. കഴിഞ്ഞ നവംബറിലെ ഉത്തരവുപ്രകാരം സിഡിഎസ് അംഗങ്ങൾക്ക് യാത്രാബത്ത 500 രൂപയാക്കി. 2.75 കോടി ഇതിനായി ജില്ലകൾക്ക് അനുവദിച്ചു.
തനതു ഫണ്ടുള്ള സിഡിഎസുകൾക്ക് പണം അതിൽനിന്ന് അനുവദിക്കാം. കുടിശിക അടുത്ത സാന്പത്തിക വർഷത്തെ ഫണ്ടിൽ നിന്ന് നൽകുമെന്നും രാജേഷ് പറഞ്ഞു.
ജനശ്രീ സ്വയം സഹായ സംഘമാണെന്നും വിവിധ സമുദായങ്ങൾക്ക് അടക്കം ഇത്തരം സംഘങ്ങളുണ്ടെന്നും പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ജനശ്രീ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു. അപകീർത്തികരമായ പരാമർശം സഭാരേഖയിൽനിന്നു നീക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
കുടുംബശ്രീക്കാർ കൈയടിതൊഴിലാളികളാണെന്ന പരാമർശവും സഭാരേഖയിൽനിന്ന് നീക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു. രണ്ട് ആവശ്യങ്ങളും പരിഗണിക്കാമെന്ന് ചെയറിലുണ്ടായിരുന്ന മുഹമ്മദ് മുഹ്സിൻ അറിയിച്ചു.