ഭിന്നശേഷി നിയമനം ; എയ്ഡഡ് സ്കൂളുകളിലെ നിയമനവിലക്കിന് പരിഹാരമാകുന്നു
Sunday, March 9, 2025 1:58 AM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിലനിന്ന നിയമനനിരോധന പ്രശ്നത്തിനു സുപ്രീംകോടതി വിധിയോടെ പരിഹാരമാകുന്നു.
ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള ഒഴിവുകളിലെ നിയമനം പൂർത്തിയാക്കിയ ശേഷം മാത്രമേ മറ്റു തസ്തികകളിലെ നിയമനങ്ങൾക്കും അംഗീകാരം നൽകാൻ പാടുള്ളൂ എന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. എൻഎസ്എസ് സമർപ്പിച്ച അപ്പീലിലാണു സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.
അപ്പീൽ സമർപ്പിച്ച എൻഎസ്എസും സമാനമായ മറ്റു സൊസൈറ്റിയോ സൊസൈറ്റികളോ നടത്തുന്ന സ്കൂളുകളിലും ഒഴിവുകൾ നികത്താമെന്നും നിലവിൽ നടത്തിയ നിയമനങ്ങൾ സ്ഥിരപ്പെടുത്താമെന്നാണു വിധി.
ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ ഒഴിച്ചിട്ടാകണം സ്ഥിരം നിയമനം റെഗുലറൈസ് ചെയ്യേണ്ടത്. തസ്തികകൾ റഗുലറൈസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് സർക്കാർ താമസം കൂടാതെ തീരുമാനമെടുക്കണമെന്നും വിധിയിൽ പറയുന്നു. ഫലത്തിൽ, സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും സുപ്രീംകോടതി വിധി ബാധകമാണ്.
ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമനം പൂർത്തിയാക്കിയ ശേഷം മാത്രമേ മറ്റു തസ്തികകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂ എന്ന ഹൈക്കോടതി വിധി വന്നതോടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ നൂറുകണക്കിനു തസ്തികകളിൽ സ്ഥിരനിയമനം നടത്താൻ സാധിക്കാത്ത സ്ഥിതിവിശേഷം നിലനിൽക്കുകയായിരുന്നു. 2018 നവംബറിലായിരുന്നു ഹൈക്കോടതി വിധി വന്നത്.