സിപിഎം പിണറായിയുടെ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയായെന്ന് കെ. സുരേന്ദ്രൻ
Tuesday, March 11, 2025 1:53 AM IST
കൊച്ചി: പിണറായി വിജയന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കേരളത്തിലെ സിപിഎം മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
പിണറായി വിജയനും മുഹമ്മദ് റിയാസിനും സ്തുതി പാടുന്നവരെയാണ് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കൊച്ചിയിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ സുരേന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
17 പേരുള്ള സിപിഎമ്മിന്റെ സെക്രട്ടേറിയറ്റിൽ ഒരു വനിത മാത്രമാണുള്ളത്. ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്ന് സെക്രട്ടേറിയറ്റിൽ ആരുമില്ല. ബിജെപി ഭാരവാഹികളിൽ മൂന്നിലൊന്ന് സ്ത്രീകളാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ, ദേശീയ വക്താവ് അപരാജിത സാരംഗി എംപി, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.