ലഹരി മൂത്ത യുവാവ് അയൽവാസിയെ കിണറ്റിൽ തള്ളിയിട്ടു
Tuesday, March 11, 2025 2:51 AM IST
കുറവിലങ്ങാട്: വളർത്തുനായയെ പിടികൂടാനായി വീടിനു പുറത്തിറങ്ങിയ ഗൃഹനാഥനെ ലഹരിയിൽ മയങ്ങിയ യുവാവ് കിണറ്റിൽ തള്ളിയിട്ടു. ഇലയ്ക്കാട് കല്ലോലിൽ ജോൺസൻ (44)ആണ് അയൽവാസിയായ യുവാവിന്റെ അക്രമത്തിന് ഇരയായത്.
ഫയർഫോഴ്സ് എത്തി ജോൺസനെ കിണറ്റിൽ നിന്നു രക്ഷിച്ചു. സംഭവത്തിൽ സമീപവാസിയായ ജിതിനെതിരേ ജോൺസന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി മരങ്ങാട്ടുപിള്ളി പോലീസ് പറഞ്ഞു.
വീടിന് പുറത്തിറങ്ങിയ ജോൺസന് വഴിമുടക്കി ജിതിൻ നിന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വഴിമാറണമെന്ന് ജോൺസൻ ആവശ്യപ്പെട്ടതോടെ അസഭ്യവർഷം ആരംഭിച്ചു. തുടർന്ന് വാക്കേറ്റം കൈയ്യാങ്കളിയിലെത്തി.
ജോൺസനെ തള്ളി സമീപത്തെ പൊതു കിണറിന്റെ മതിലിനു സമീപത്ത് എത്തിക്കുകയും വീഴാൻ തുടങ്ങിയ ജോൺസനെ കിണറ്റിലേക്ക് തള്ളിയിടുകയും ആയിരുന്നെന്ന് പറയുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കയറിട്ട് രക്ഷപ്പെടുത്താൻ ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ജോൺസനെ രക്ഷപ്പെടുത്തി.