സമ്മേളനം പകർന്ന ആത്മവിശ്വാസവുമായി
Tuesday, March 11, 2025 1:53 AM IST
സാബു ജോണ്
തിരുവനന്തപുരം: സംസ്ഥാന സമ്മേളനം പകർന്നുനൽകിയ ആവേശം ഊർജമാക്കി ഭരണപക്ഷം നിയമസഭയിൽ നിറഞ്ഞാടുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലൂടെ നവകേരളം സൃഷ്ടിക്കുമെന്നുറപ്പുള്ള ഭരണപക്ഷത്തെ സിപിഎം അംഗങ്ങൾക്ക് തുടർഭരണം ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ കള്ളപ്രചാരണമായാണ് അവർ കാണുന്നത്.
കേന്ദ്ര സർക്കാർ നടത്തുന്ന ഉപരോധ സമാനമായ അവഗണനയിലും കേരളം നടത്തുന്ന മുന്നേറ്റത്തെ ഭരണപക്ഷം പാടിപ്പുകഴ്ത്തുന്പോൾ അതു വാഴ്ത്തുപാട്ടായി ചിത്രീകരിക്കുന്നവർക്ക് മറുപടി നൽകിയത് ഐ.ബി. സതീഷ് ആണ്. പിണറായി വിജയൻ തേജോവധ ആട്ടക്കഥ ആടിക്കൊണ്ടിരിക്കുന്പോൾ അതിനെതിരേയുള്ള തങ്ങളുടെ പോരാട്ടത്തെയാണത്രേ വാഴ്ത്തുപാട്ടെന്നു പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.
പിണറായി വിജയൻ കൊണ്ടുവന്ന നയരേഖ വലതുപക്ഷ വ്യതിയാനമാണെന്ന പ്രതിപക്ഷ വ്യാഖ്യാനത്തെ കെ.വി. സുമേഷ് പാടേ തള്ളിക്കളഞ്ഞു. അതു കാലം ആഗ്രഹിക്കുന്ന മാറ്റമാണ്. നയരേഖയേക്കുറിച്ചു താത്ത്വികാവലോകനം നടത്തിയത് പി. നന്ദകുമാറാണ്.
രേഖയിൽ നിന്നുള്ള ഉദ്ധരണികൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയ നന്ദകുമാറിന് അതിനെതിരേയുള്ള വിമർശനങ്ങൾ കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുക്കുന്നതു പോലെയേ തോന്നിയുള്ളൂ. സമചിത്തതയോടെയും സമാധാനത്തോടെയും പ്രതിപക്ഷ നേതാവ് നയരേഖ ഒന്നു വായിച്ചുപഠിക്കണമെന്നാണ് നന്ദകുമാറിനു പറയാനുള്ളത്.
മൂന്നാം പിണറായി സർക്കാർ എന്നൊക്കെ പറയുന്നതു കേൾക്കുന്പോൾ യു.എ. ലത്തീഫിനു ചിരിയാണു വരിക. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കു വരെ അറിയാമത്രേ. തുടർഭരണമെന്ന സ്വപ്നം കാണാനുള്ള ഭരണപക്ഷക്കാരുടെ അവകാശം ലത്തീഫ് മാനിക്കുന്നു. ലത്തീഫ് പറഞ്ഞതു കേട്ടിട്ടും തുടർഭരണത്തേക്കുറിച്ച് ജോബ് മൈക്കിളിന് സംശയമോ ആശങ്കയോ തെല്ലുമില്ലായിരുന്നു.
ഭരണപക്ഷം സംസാരിക്കുന്നത് ഏതു കേരളത്തേക്കുറിച്ചാണെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ സംശയം. തങ്ങളൊക്കെ ജീവിക്കുന്ന കേരളം ഇങ്ങനെയല്ലെന്നു പറഞ്ഞ രാഹുൽ, ഇടതുസർക്കാരിനെ ചന്പൽ കൊള്ളക്കാരെയും കുറുവ സംഘത്തെയുമായി ഉപമിച്ചു. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ സാധാരണക്കാരിൽനിന്നു പിടിച്ചുപറിക്കാനുള്ള നിർദേശങ്ങളാണത്രേ ഉള്ളത്. ഇതുകേട്ട ഭരണപക്ഷം അസ്വസ്ഥരായി. അവർ ചാടിയെണീറ്റു ബഹളം തുടങ്ങി.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ചെയറിലിരുന്ന സി.കെ. ഹരീന്ദ്രനുമായി തർക്കിച്ചു. എകെജി സെന്റർ ക്ലിഫ് ഹൗസിന്റെ എക്സ്റ്റൻഡഡ് പാൻട്രി ഹൗസ് ആക്കരുതെന്ന് രാഹുൽ പറഞ്ഞതോടെ ബഹളം മൂർച്ഛിച്ചു.
രാവിലെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പ്രതിപക്ഷത്തെ എം. വിൻസന്റ് സിപിഎമ്മിനെ മുൻകാല തൊഴിലാളി പ്രസ്ഥാനം എന്നു വിളിച്ചപ്പോൾ അനങ്ങാതിരുന്ന സിപിഎമ്മുകാർ പിണറായിയെയും പൊതുമരാമത്ത് മന്ത്രിയെയും കുറിച്ചു പറയുന്പോൾ ചാടിയെണീൽക്കുന്നതെന്തെന്ന് രാഹുലിനു മനസിലാകുന്നില്ല. പുതിയ അംഗമായ രാഹുൽ മാങ്കൂട്ടത്തിലിന് യുഡിഎഫിലെ മുതിർന്നവർ ക്ലാസ് കൊടുക്കണമെന്ന് പി.പി. സുമോദ് ആവശ്യപ്പെട്ടു.
അടുത്തടുത്ത മണ്ഡലങ്ങളായ കൊണ്ടോട്ടിയിലും ബേപ്പൂരിലും പോയാൽ ഭരണപക്ഷക്കാരോടും പ്രതിപക്ഷത്തോടുമുള്ള വ്യത്യസ്ത സമീപനം മനസിലാകുമെന്ന് ടി.വി. ഇബ്രാഹിം പറഞ്ഞു. റോഡ് പണിക്കു തനിക്ക് 17 കോടി രൂപ ലഭിച്ചെന്ന് ഇബ്രാഹിം പറഞ്ഞു. മന്ത്രി മണ്ഡലമായ ബേപ്പൂരിൽ എത്ര ചെലവഴിച്ചെന്ന് അറിയില്ല.
ഭൂനികുതി വർധന പിൻവലിക്കണമെന്ന് സജീവ് ജോസഫും അനൂപ് ജേക്കബും ആവശ്യപ്പെട്ടു. കൃഷി അസാധ്യമായ കാലത്ത് ഭൂനികുതി വർധിപ്പിക്കുന്നതിലെ വൈരുധ്യമാണ് സജീവ് ജോസഫ് ചൂണ്ടിക്കാട്ടിയത്.
പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെ പ്രസംഗങ്ങൾക്കു കർശനമായ സമയനിബന്ധന ഏർപ്പെടുത്തുന്നതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കർ എ.എൻ. ഷംസീറുമായി നിരന്തരം കോർക്കാറുണ്ട്. ഇന്നലെ മന്ത്രിമാരുടെ മറുപടി നിർദിഷ്ട സമയവും കഴിഞ്ഞു വീണ്ടും നീണ്ടപ്പോൾ പ്രതിക്ഷ നേതാവിന്റെ അഭാവത്തിൽ എ.പി. അനിൽകുമാർ പ്രതിഷേധം അറിയിച്ചു.
അപ്പോൾ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, വി.എൻ. വാസവൻ എന്നിവരുടെ പ്രസംഗം പൂർത്തിയായിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എഴുന്നേറ്റപ്പോൾ പ്രതിപക്ഷം സഭ വിട്ടിറങ്ങി. പ്രതിഷേധം മന്ത്രിയോടല്ല, സ്പീക്കറോടാണെന്നു വ്യക്തം.