ബസ് തലയിലൂടെ കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം
Monday, March 10, 2025 3:04 AM IST
ചിങ്ങവനം: വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകാന്‍ ബസിറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു. കുഴിമറ്റം പൊയ്കയില്‍ (നെയ്ച്ചേരില്‍) പരേതനായ കെ.യു. കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.15ഓടെ ചിങ്ങവനം മേല്‍പ്പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലാണ് സംഭവം നടന്നത്.
ദയറാ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. താമസ സ്ഥലമായ നെല്ലിക്കല്നിന്നും ബസില്‍ കയറി ചിങ്ങവനത്തിറങ്ങിയ ശേഷം നടന്നു പോയ ഇവരെ പിന്നില്‍നിന്നും ഇതേ ബസ് തന്നെ ഇടിച്ചിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കോട്ടയം ചങ്ങനാശേരി റൂട്ടിലോടുന്ന റ്റി.സി.എം ബസാണ് അപകടത്തിനിരയാക്കിയത്. ബസിന്റെ അടിയിലായ അന്നമ്മയുടെ തലയിലൂടെ പിന് ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചിങ്ങവനം പോലീസ് ബസ് കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പരേത പരുത്തുംപാറ തുണ്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ സാജന്, സജിനിമോള്‍. മരുമക്കള്‍: കെ.എ. ഏബ്രഹാം കുഴിമറ്റം, നിജിത (അമ്പിളി) തൊടുപുഴ. സംസ്കാരം ഇന്ന് രാവിലെ 11ന് ചിങ്ങവനം ദയറാപള്ളിയില്‍.