അഭിഭാഷകയോടു മോശം പെരുമാറ്റം; കോടതി ബഹിഷ്കരണം പിന്‍വലിച്ചു
Tuesday, March 11, 2025 2:51 AM IST
കൊച്ചി: അഭിഭാഷകയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ ജസ്റ്റീസ് എ. ബദറുദ്ദീന്റെ കോടതി ബഹിഷ്കരിക്കാനുള്ള തീരുമാനം ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പിന്‍വലിച്ചു. അതേസമയം, ജസ്റ്റീസ് ബദറുദ്ദീനെ മറ്റേതെങ്കിലും ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയയ്ക്കാനും തീരുമാനിച്ചു.
അസോസിയേഷന്റെ അറിവില്ലാതെ അഭിഭാഷകയുടെ സാന്നിധ്യത്തില്‍ വിഷയം ഒത്തുതീര്‍പ്പാക്കിയതിന് സീനിയര്‍ അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടത്തിനെ അന്വേഷണവിധേയമായി അസോസിയേഷന് അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്യാനും അച്ചടക്കനടപടി സ്വീകരിക്കാനും തീരുമാനമായി.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിന്റെ ചേംബറില്‍ വച്ച് ജസ്റ്റീസ് ബദറുദ്ദീന്‍ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ തുടര്‍നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന് അഭിഭാഷക കത്തും നല്കി.
വിഷയത്തില്‍ അസോസിയേഷന് ചീഫ് ജസ്റ്റീസിന്റെ തീരുമാനം കാക്കുന്നതിനിടെ സീനിയര്‍ അഭിഭാഷകന് പിന്‍വാതിലിലൂടെ ഒത്തുതീര്‍പ്പിനു ശ്രമിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണു സസ്പെന്ഷന് തീരുമാനം.
ഇ- ഫയലിംഗ് കര്‍ശനമായി നടപ്പാക്കിയിട്ടും കോടതിനടപടികളുടെ വീഡിയോ റിക്കാര്‍ഡിംഗിന് നടപടിയില്ലാത്തതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. കോടതിനടപടികളുടെ സുതാര്യത ഉറപ്പുവരുത്താന്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ വീഡിയോ റിക്കാര്‍ഡിംഗ് സമയബന്ധിതമായി നടപ്പാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.