മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാമെന്ന് ആരും കരുതരുത്: ടി.എൻ. പ്രതാപൻ
Tuesday, March 11, 2025 1:53 AM IST
തൃശൂർ: കടൽമണൽ ഖനനം ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നു മുൻ എംപിയും മത്സ്യത്തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ ടി.എൻ. പ്രതാപൻ.
ഖനനത്തിനുമുൻപ് പാരിസ്ഥിതിക ആഘാത പഠനം നടത്താൻ ടെൻഡർ കന്പനിക്കുതന്നെ അനുമതി നൽകുന്ന കേന്ദ്രസർക്കാർ തീരുമാനം കള്ളന്റെ കൈയിൽ താക്കോൽ നൽകുന്നതിനു തുല്യമാണ്.
മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാമെന്ന് ആരും കരുതരുത്. കടലിൽ വൻതോതിൽ ഖനനം നടത്തുന്നതു വലിയ പാരിസ്ഥിതിക അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നു പഠനം നടത്തി അറിയേണ്ട സാഹചര്യം തന്നെയില്ല.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് വിദേശകുത്തക മത്സ്യബന്ധന ട്രോളറുകളെ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലെ ആഴക്കടലിൽ മത്സ്യബന്ധനത്തിന് അനുവദിച്ച മീനാകുമാരി കമ്മിറ്റിയെ ചെറുത്തുതോൽപ്പിച്ചതുപോലെ ഈ ഖനന പദ്ധതിയെയും മത്സ്യത്തൊഴിലാളികൾ ചെറുക്കും.
വൈകാതെതന്നെ കേരള മുഖ്യമന്ത്രി ഒരു സർവകക്ഷിസംഘവുമായി പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കണമെന്നും കോ-ഓർഡിനേഷൻ കമ്മിറ്റിക്കുവേണ്ടി പ്രതാപൻ ആവശ്യപ്പെട്ടു.
തൃശൂർ എംപി ഒഴികെ സംസ്ഥാനത്തെ മുഴുവൻ എംപിമാരും വിവിധ തീരദേശ മണ്ഡലങ്ങളിൽനിന്നുള്ള എംഎൽഎമാരും വിവിധ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളും പ്രവർത്തകരുമടക്കം നൂറോളം പേർ അണിനിരക്കുന്ന മാർച്ചിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുകയെന്നും ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ അറിയിച്ചു.