സിപിഎമ്മിന്റേത് നയരേഖയല്ല, അവസരവാദരേഖ: വി.ഡി. സതീശന്
Monday, March 10, 2025 3:17 AM IST
കൊച്ചി: സിപിഎമ്മിന്റേത് നയരേഖയല്ല, അവസരവാദ രേഖയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുമ്പ് പറഞ്ഞതൊക്കെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. നാട് മുഴുവന്‍ സമരം ചെയ്തു കുട്ടിച്ചോറാക്കിയിട്ടാണ് സൗകര്യംപോലെ തിരുത്തുന്നതെന്നും സതീശൻ പറഞ്ഞു. ഒരു നാടിനെ സാമ്പത്തികമായി തകര്‍ത്തു തരിപ്പണമാക്കി.
ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും സ്തംഭിച്ചു. ഇവരുടെ ദുര്ഭരണംകൊണ്ടും സാന്പത്തിക ദുർവിനിയോഗം കൊണ്ടും സംസ്ഥാനത്തെ തകര്‍ത്തതിനുശേഷം നയംമാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി വീണ്ടും ജനങ്ങളെ കൊല്ലാന്‍ വരികയാണ്. ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍നിന്നുതന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുന്നത്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി സ്വപ്നം കാണുന്നതില്‍ തെറ്റില്ല. തോറ്റുപോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ല.
മോദിസര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. ഈ നിലപാട് വ്യക്തിപരമല്ല. പാര്ട്ടിയുടേതുകൂടിയാണ്. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ ആ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് എങ്ങനെയാണ് മോദിസര്‍ക്കാര്‍ ഫാസിസ്റ്റുമല്ല നവ ഫാസിസ്റ്റും അല്ലെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
“നവീന്റെ മരണത്തിനു കാരണം ദിവ്യയാണെന്ന ആരോപണം തെളിഞ്ഞു”
കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തിനു കാരണം പി.പി. ദിവ്യയാണെന്ന ആരോപണം തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നവീന്‍ ബാബുവിന്റെ കുടുംബവും പ്രതിപക്ഷവും ആരോപിക്കുന്നതുപോലെ മരണത്തിന് ഉത്തരവാദി കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥതന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കളക്ടറുമായി കൂടിയാലോചിച്ച് വിളിക്കപ്പെടാത്ത സദസില്‍ പോയി എഡിഎമ്മിനെ അപമാനിച്ച് അതു വീഡിയോയില്‍ പകര്‍ത്തി വ്യാപകമായി പ്രചരിപ്പിച്ച് സത്യസന്ധനായ മനുഷ്യനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ചു.
ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാത്രമാണ് സിപിഎം മാറ്റിയത്. നവീന്‍ ബാബുവിന്റെ വീട്ടിലെത്തി നിങ്ങളോടൊപ്പമാണെന്നു പറഞ്ഞ എം.വി. ഗോവിന്ദന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ അയച്ചാണ് ജയിലില്‍നിന്നിറങ്ങിയ ദിവ്യയെ സ്വീകരിച്ചത്. എന്തു സന്ദേശമാണ് സര്‍ക്കാരും സിപിഎമ്മും ജനങ്ങള്‍ക്ക് നല്കുന്നത്്? പരിയാരം മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരനായ പ്രശാന്തന്റേതല്ല പെട്രോള്‍ പമ്പ്. റോക്കറ്റ് വേഗതയില്‍ പമ്പിന് അനുമതി കിട്ടണമെന്ന വാശി ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് ഉണ്ടാകാന്‍ കാരണമെന്താണ്? ദിവ്യ ജയിലിലായപ്പോള്‍ അവരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് പ്രധാനപ്പെട്ട നേതാക്കളെ വിട്ടത്.
ദിവ്യയ്ക്ക് അറിയാവുന്ന രഹസ്യം പുറത്തുപറഞ്ഞാല്‍ പാര്‍ട്ടി അപകടത്തിലാകും. പമ്പ് ആരുടേതാണെന്ന് സിപിഎമ്മും സര്‍ക്കാരും വ്യക്തമാക്കണം. ഈ റിപ്പോര്‍ട്ട് പോലീസ് അന്വേഷണത്തിന്റെ ഭാഗമാക്കണം. ഒന്നിലേറെ കുറ്റവാളികള്‍ ഈ ഗൂഢാലോചനയ്ക്കു പിന്നിലുണ്ട്. നീതിപൂര്‍വമായ അന്വേഷണം നടക്കുന്നില്ലെന്ന കുടുംബത്തിന്റെ ഉത്കണ്ഠ പ്രധാനമാണെന്നും സതീശന് പറഞ്ഞു.