കേരളത്തിലെ ചെങ്കൊടിയുടെ മുന്നേറ്റത്തെ ഒരു ശക്തിക്കും തടയാനാകില്ല: പ്രകാശ് കാരാട്ട്
അജി വള്ളിക്കീഴ്
Monday, March 10, 2025 3:17 AM IST
കൊല്ലം: കേരളത്തിലെ ചെങ്കൊടിയുടെ മുന്നേറ്റത്തെ ഒരു ശക്തിക്കും തടയാനാവില്ലെന്ന് സിപിഎം ദേശീയ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്.
സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും ഫെഡറലിസവും ആക്രമിക്കപ്പെടുമ്പോൾ കോൺഗ്രസ് അതിനു കൂട്ടുനിന്നു. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട കർത്തവ്യബോധം കോൺഗ്രസ് മറന്നു.
24 ാ മത് പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനസമ്മേളനം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചരിത്രകാലഘട്ട ഭാഗമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും തകർക്കാൻ രാജ്യത്തു ശ്രമം നടക്കുമ്പോൾതന്നെ വികസ്വര രാഷ്ട്രങ്ങൾക്കെതിരേ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളിൽ ബിജെപി സർക്കാർ മൗനം ദീക്ഷിക്കുകയാണെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. ഹിന്ദുത്വ വർഗീയ തത്വശാസ്ത്രങ്ങളെ തകർക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ. ഇന്ത്യ ബ്ലോക്ക് അതിനായി ശക്തിയാർജിക്കുമെന്നും കാരാട്ട് പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയുടെയും ന്യൂനപക്ഷ വര്‍ഗീയതയുടെയും ശത്രു സിപിഎം ആണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി .ഗോവിന്ദന് പറഞ്ഞു.
മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും തടങ്കൽപാളയത്തിലാണ്. അതിന്റെ ഗുണഭോക്താക്കളാണ് കോൺഗ്രസ്. പിന്തിരിപ്പന്മാരെല്ലാം ഒരുഭാഗത്ത് യോജിക്കുന്നു. ആർഎസ്എസിനെ സ്വാധീനിക്കാൻ സാധിക്കുന്ന മേഖലയിൽ അവരുമായി ചേരുകയാണ്. ക്രിസ്ത്യൻ ജനവിഭാഗവും മുസ്ലിം വിഭാഗവും തമ്മിൽ സംഘർഷമുണ്ടാക്കാൻ കാസ ശ്രമിക്കുകയാണെന്നും ഇതിനു പിന്നിൽ ആർഎസ്എസ് ആണെന്നും ഗോവിന്ദൻ പറഞ്ഞു. \
ഇടതുപക്ഷജനാധിപത്യ മുന്നണി ഇല്ലെങ്കിൽ കേരളം ഈ രീതിയിൽ മുന്നോട്ട് പോവില്ല. ഇന്ത്യയിലെ തീവ്രവലതുപക്ഷമാണ് നരേന്ദ്രമോദി. ഹിന്ദുത്വരാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം ആണ് രാജ്യത്ത് ആർഎസ്എസ് നടത്തുന്നത്. കോർപറേറ്റുകൾക്ക് അനുകൂലമായി ഫാസിസ്റ്റ് പ്രവണതയുള്ള സംവിധാനമാണ് കേന്ദ്രം ഭരിക്കുന്നത്. ഭരണഘടനയും ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കവും ഫെഡറൽ സംവിധാനങ്ങളും തകർക്കാൻ അവർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. നമുക്ക് ബിജെപിയെ തോൽപ്പിക്കാനാവുമെന്നു ചൂണ്ടിക്കാണിച്ച പാർട്ടിയാണ് സിപിഎം.
ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കണക്കാക്കി വളരെ ഫലപ്രദമായി ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.