ദേവസ്വം ക്ഷേത്രങ്ങളിലെ വഴിപാടു നിരക്കുകൾ വർധിപ്പിക്കും: പി.എസ്. പ്രശാന്ത്
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കുകൾ 30 ശതമാനം വർധിപ്പിക്കുമെന്നു പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഒൻപതു വർഷത്തിനുശേഷമാണു നിരക്കുവർധന.
ഓരോ അഞ്ചു വർഷം കൂടുന്പോഴും വഴിപാടു നിരക്കുകൾ വർധിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ 2016-നു ശേഷം പ്രളയവും കോവിഡും കാരണം ഇതു നടപ്പാക്കിയിരുന്നില്ല.
പുനരേകീകരണ കമ്മറ്റി ക്രോഡീകരിച്ച നിരക്കുകൾ ഓംബുഡ്സ്മാന്റെ ശിപാർശയിലും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണു നടപ്പാക്കുന്നത്. വഴിപാടുകൾക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ നിരക്ക് ഒൻപതു വർഷത്തിനിടെ രണ്ടിരട്ടിയും മൂന്നിരട്ടിയും വർധിച്ചതിനാലാണു നിരക്കുവർധനയെന്നും പ്രശാന്ത് പറഞ്ഞു.
ശബരിമല സോപാനത്തു പുതിയ ദർശനരീതി മീനമാസ പൂജ മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കും. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ളൈ ഓവർ കയറാതെ കൊടിമരത്തിനും ബലിക്കൽപ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിനു മുന്നിലെത്തി നേരിട്ടു തൊഴുന്നതാണു പുതിയ ദർശനരീതിയെന്നും പ്രശാന്ത് പറഞ്ഞു.