നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ല; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്
Sunday, March 9, 2025 1:58 AM IST
തിരുവനന്തപുരം: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാവ് പി.പി. ദിവ്യയെ പ്രതിക്കൂട്ടിലാക്കി ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്.
നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്നും യാത്രയയപ്പ് പരിപാടിയിലേക്ക് ക്ഷണിക്കാതെയാണ് പി.പി . ദിവ്യ എത്തിയതെന്നും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീത നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിലേക്കു ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണ്. ദിവ്യയെ ആരെങ്കിലും ചടങ്ങിലേക്ക് ക്ഷണിച്ചതായി തെളിവില്ല. യോഗത്തിനു മുന്പ് ദിവ്യ കളക്ടറെ ഫോണിൽ വിളിച്ച് യോഗത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് അറിയിക്കുകയായിരു ന്നു. എന്നാൽ, യോഗത്തിലേക്കു വരേണ്ടതില്ലെന്ന് കളക്ടർ അറിയിച്ചെങ്കിലും ഈ അഭിപ്രായം മാനിക്കാതെയാണു ദിവ്യ എത്തിയത്.
നവീൻ ബാബുവിനെതിരേ ആരോപണം ഉന്നയിക്കണമെന്ന് ആലോചിച്ച് ഉറപ്പിച്ചാണ് ദിവ്യ യോഗത്തിനെത്തിയത്. തുടർന്ന് ആരോപണം ഉന്നയിക്കുന്നത് വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയ കണ്ണൂർ വിഷൻ ചാനൽ പ്രതിനിധികളുടെ മൊഴിയും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ശേഖരിച്ചിരുന്നു.
ഇതുപ്രകാരം യോഗത്തിനുശേഷം വീഡിയോ ചിത്രീകരിച്ച വ്യക്തിയുമായി ദിവ്യ സംസാരിക്കുകയും വീഡിയോ കൈപ്പറ്റുകയും ചെയ്തുവെന്നാണ് ചാനൽ പ്രതിനിധികൾ മൊഴി നൽകിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോൾ പന്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട ഫയലുകളിൽ അകാരണമായ കാലതാമസം വന്നതായി പരിശോധനയിൽ ബോധ്യമായിട്ടില്ല. ദിവ്യ ആരോപണം ഉന്നയിച്ചത് നവീൻ ബാബുവിനു വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നത് ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്.
നവീൻ ബാബുവിന്റെ മരണകാരണത്തെക്കുറിച്ച് പോലീസിന്റെ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.