മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികളെ മുന്നില്നിര്ത്തണം: മാര്‍ കല്ലറങ്ങാട്ട്
Monday, March 10, 2025 1:13 AM IST
പാലാ: മയക്കുമരുന്ന് മാഫിയ വിദ്യാര്‍ഥികളെ കരുവാക്കുമ്പോള്‍ വിദ്യാര്‍ഥികളെത്തന്നെ ഉപയോഗിച്ച് ലഹരിക്കെതിരേ നമ്മള് പോരാടണമെന്നും ഇതിന് അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു. ലഹരി ഭീകരതയ്ക്കെതിരേ പാലായില്‍ നടത്തിയ അടിയന്തര സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ലഹരിമാഫിയയുടെ പിടിയില്‍നിന്നും കുട്ടികളെ രക്ഷിക്കുന്നതില്‍ കുടുംബങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. കേരളത്തിലെ സാമൂഹികാന്തരീക്ഷം ഇന്ന് വളരെയേറെ മാറിയിരിക്കുന്നു. മദ്യവും മയക്കുമരുന്നും സമൂഹത്തെ വല്ലാതെ ബാധിച്ചു. ഇതിനെതിരേ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിത്.
കുട്ടികള്‍ മാതാപിതാക്കന്മാരില്‍നിന്നും അധ്യാപകരില്‍നിന്നും സമൂഹത്തില്‍നിന്നും സഭയില്‍നിന്നുമൊക്കെ അകലുന്ന പ്രവണത വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. അക്രമവാസന പോത്സാഹിപ്പിക്കുന്ന സിനിമകള്‍ വര്‍ധിച്ചുവരുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരേ മയക്കുവെടി വയ്ക്കേണ്ട സമയമാണെന്നും അധികാരമുള്ളവര്‍ പറയുമ്പോഴാണ് ലഹരിമാഫിയയുടെ പ്രവര്‍ത്തനം ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്നതെന്നും ബിഷപ് പറഞ്ഞു.
പാലാ രൂപത കെസിബിസി ടെംപറന്‍സ് കമ്മീഷന്റെ നേതൃത്വത്തില്‍ ളാലം പുത്തന്‍പള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ ടെംപറന്‍സ് കമ്മീഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്, രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ നിര്‍മല ജിമ്മി, ഷോണ്‍ ജോര്‍ജ്, ജോസ്മോന് മുണ്ടയ്ക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, പി.എം. മാത്യു, പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്മാര്, ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തിൽ പങ്കെടുത്തു.