വനിതാ ആർപിഎഫിന് ഇനി മുളക് സ്പ്രേയും ആയുധം
Tuesday, March 11, 2025 12:51 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: അക്രമികളെ നേരിടാൻ തോക്കിനും ലാത്തിക്കും പുറമേ മുളക് സ്പ്രേയും ഉപയോഗിക്കാൻ റെയിൽവേ സംരക്ഷണ സേനയെ സജ്ജമാക്കുന്നു.
തുടക്കത്തിൽ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്കായിരിക്കും ആയുധമായി മുളക് സ്പ്രേ കാനുകൾ നൽകുക. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളെ വേഗത്തിൽ നേരിടാൻ വേണ്ടിയാണ് ആർപിഎഫിലെ വനിതകൾക്ക് ഇത്തരമൊരു ഉപകരണം ഡ്യൂട്ടി സമയത്ത് ഉപയോഗിക്കാനായി നൽകുന്നത്.
മാരകമല്ലെങ്കിലും ഫലപ്രദമായ ഈ ഉപകരണം അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോഗിക്കാൻ കഴിയും എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
ഒറ്റയ്ക്കും കുട്ടികൾക്ക് ഒപ്പവും യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരേ ട്രെയിനുകളിൽ വ്യാപകമായ അതിക്രമം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം രാജ്യത്താകമാനം ഏർപ്പെടുത്താൻ ആർപിഎഫ് തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ഒരു അധിക സുരക്ഷാ തലം ലഭിക്കും.
പെട്ടെന്നുണ്ടാകുന്ന ഭീഷണികൾ തടയാനും പീഡന സംഭവങ്ങളോട് ഞൊടിയിടയിൽ പ്രതികരിക്കാനും അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.