ലഹരിക്കെതിരേ ശക്തമായ പദ്ധതി വേണം: ഗവർണർ
Tuesday, March 11, 2025 2:51 AM IST
തിരുവനന്തപുരം: കോളജുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ കാന്പസുകൾ ലഹരിവിമുക്തമാക്കാൻ പ്രത്യേക പദ്ധതികൾ തയാറാക്കാൻ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർവകലാശാലാ വൈസ് ചാൻസലർമാർക്ക് നിർദേശം നല്കി.
കാന്പസുകളിലെ ലഹരി ഉപയോഗത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കണമെന്നും വേണ്ടിവന്നാൽ പോലീസിന്റെ സഹായം തേടണമെന്നും വൈസ് ചാൻസലർമാരുമായി ഇന്നലെ രാജ്ഭവനിവൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ഗവർണർ വ്യക്തമാക്കി.
കാന്പസുകളിൽ മാസത്തിലൊരു ദിവസം ലഹരിമുക്ത ദിനമായി ആചരിക്കണം. ഈ ദിവസം പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. കോളജ് വിദ്യാർഥികളിൽ രണ്ടു ശതമാനം മാത്രമാണ് ലഹരി ഉപയോഗിക്കുന്നത്. ഇവരെ കണ്ടെത്തി ചികിത്സ നൽകി പുനരധിവസിപ്പിക്കണം. ബാക്കിയുള്ളവർ ലഹരിയുപയോഗത്തിലേക്ക് വഴുതി വീഴാതെ നോക്കണം.
ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ആരോഗ്യ സർവകലാശാല നേതൃത്വം നൽകണമെന്നും ഗവർണർ നിർദേശിച്ചു. തുടർനടപടികൾ ഏകോപിപ്പിക്കാൻ കേരള, ആരോഗ്യ സർവകലാശാലകളുടെ വിസി ഡോ. മോഹനൻ കുന്നുമ്മേലിനെ ഗവർണർ നിയോഗിച്ചു. ഇന്നലെ നടന്ന യോഗത്തിൽ സംസ്ഥാനത്തെ 12 സർവകലാശാല വൈസ് ചാൻസലർമാരും എംജി, സംസ്കൃത സർവകലാശാലകളിലെ രജിസ്ട്രാർമാരും പങ്കെടുത്തു.