മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ്: രജിസ്ട്രേഷൻ 12 വരെ
Monday, March 10, 2025 3:02 AM IST
തൊടുപുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2024-25 വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ക്രിസ്ത്യൻ-മുസ്ലിം വിദ്യാർഥികൾക്കായി നടപ്പാക്കുന്ന മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഈ മാസം 12 വരെ ദീർഘിപ്പിച്ചു. സംസ്ഥാനത്ത് 1,31,000 കുട്ടികളാണ് പദ്ധതിയിൽ ഗുണഭോക്താക്കളായുള്ളത്. പ്രതിവർഷം ഓരോ കുട്ടിക്കും 1,500 രൂപ വീതം ലഭിക്കുന്ന സ്കോളർഷിപ്പാണിത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലെ അവധിയും മറ്റു സാങ്കേതിക പ്രശ്നങ്ങളും മൂലം ഭൂരിഭാഗം വിദ്യാർഥികൾക്കും രജിസ്റ്റർ ചെയ്യാനായിരുന്നില്ല. ഇതേത്തുടർന്നു സ്ഥാപനമേധാവികളടക്കം രജിസ്ട്രേഷനുള്ള സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
ഇതേത്തുടർന്നാണ് തിയതി നീട്ടി വെള്ളിയാഴ്ച വൈകി ഉത്തരവിറങ്ങിയത്.