കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമം; അഞ്ചു വർഷത്തിനിടെ പിടിയിലായത് 351 പേർ
Tuesday, March 11, 2025 1:53 AM IST
അനുമോൾ ജോയ്
കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാന പോലീസ് രൂപവത്കരിച്ച കേരള പോലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷന്‍ (സിസിഎസ്ഇ) പരിശോധനയില്‍ അറസ്റ്റിലായത് 351 പേര്. 2020 ജനുവരി മുതല്‍ 2025 ജനുവരി വരെയുള്ള കണക്കാണിത്.
ഓപ്പറേഷൻ പി.ഹണ്ടിലൂടെ നടത്തിയ 6426 പരിശോധനകളിലാണ് സംസ്ഥാനത്ത് 351 പേർ അറസ്റ്റിലായത്. കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത 3444 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നിരവധി സംഘത്തെ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വാട്സ് ആപ്പ്, ടെലഗ്രാം എന്നീ നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും പ്രതികള്‍ പ്രചരിപ്പിക്കുന്നത്. പിടിയിലാകുന്നവരിൽ ക്രിമിനലുകള്‍ മാത്രമല്ല സമൂഹത്തില്‍ മാന്യന്മാരായി അറിയപ്പെടുന്നവരുമുള്ളതായി റെയ്ഡിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് പലപ്പോഴും വീട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. സ്കൂളുകളില്‍ നല്കുന്ന കൗണ്‍സലിംഗിലൂടെയാണ് പലപ്പോഴും രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ അറിയുന്നത്.
പ്രചരിപ്പിച്ചാൽ പിടിവീഴും
ചൈല്‍ഡ് പോണോഗ്രഫി നവമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞതോടെയാണു സിസിഎസ്ഇ യൂണിറ്റ് ഓപ്പറേഷന് പി. ഹണ്ട് എന്ന പേരില്‍ പ്രത്യേക ദൗത്യം തുടങ്ങിയത്.
ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരേ നടത്തുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു ഡിജിറ്റല്‍ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നതു കണ്ടെത്തുന്നതിനായി സൈബര്‍ പട്രോളിംഗ് നടത്തുക, ഇത്തരത്തിലുണ്ടാകുന്ന ചൂഷണം തടയുക, അത്തരം സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ നിയമനടപടികള്‍ കൈക്കൊളളുക, മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കുട്ടികള്‍ക്കെതിരേ നടക്കുന്ന ചൂഷണങ്ങളെ പറ്റി അറിയിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുക എന്നിവയാണ് സിസിഎസ്ഇ സംഘത്തിന്റെ പ്രധാന ഉത്തരവാദിത്വങ്ങള്‍.