50 ശതമാനം വനിതാസംവരണം വേണം: മന്ത്രി ചിഞ്ചുറാണി
Monday, March 10, 2025 3:02 AM IST
ചാത്തന്നൂർ: ഭരണഘടന തുല്യത ഉറപ്പു വരുത്തുമ്പോഴും സ്ത്രീകൾക്ക് അർഹമായ വേതനമോ സ്ഥാനമോ ലഭിക്കുന്നില്ലെന്ന് മന്ത്രി ചിഞ്ചുറാണി. തുല്യജോലിക്ക് തുല്യവേതനം എന്ന തത്വം ഇന്നും പാലിക്കുന്നില്ല. വനിത ബിൽ പാർലമെന്റിൽ പാസാക്കി എങ്കിലും അതിന്റെ ഫലം ഇന്നും അപ്രാപ്യമാണ്. പാർലമെന്റിലും നിയമസഭയിലും 50% സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ലോക വനിതാദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ ‘വുമൺ ഓഫ് ദി ഇയർ’ അവാർഡ് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഡ്, നബാർഡ്, വേൾഡ് മലയാളി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ഹാളിൽ കാർഡ് ചെയർമാനും ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച വനിതാ സമ്മേളനം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 30 വനിതകളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി ആദരിച്ചു. നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ജെ. രാഖിമോൾ മുഖ്യപ്രഭാഷണം നടത്തി.
‘സ്ത്രീ സമത്വവും നിയമങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. ലതാ മോഹൻദാസും, ‘മയങ്ങുന്ന യുവത രക്ഷിതാവിന്റെ ആകുലത’ എന്ന വിഷയത്തിൽ റിട്ട. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ചിറക്കര മധുവും ‘സ്ത്രീ സുരക്ഷയും സാമ്പത്തികഭദ്രതയും’ എന്ന വിഷയത്തിൽ പത്തനംതിട്ട ജൻ ശിക്ഷൺ സൻസ്ഥാൻ ചെയർമാൻ ശ്രീലതയും ക്ലാസുകൾ എടുത്തു.