ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
Tuesday, March 11, 2025 12:51 AM IST
ബന്തടുക്ക (കാസര്‍ഗോഡ്): ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും തകര്‍ന്നു. പണമടക്കം കത്തിനശിച്ചു. വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
കുറ്റിക്കോല്‍ ബേത്തലത്തെ കര്‍ഷകനായ സന്ദീപ്രാജിന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സന്ദീപ് രാജും മകന് ആറാംക്ലാസില്‍ പഠിക്കുന്ന ഋത്വികും ആണ് വീട്ടിലുണ്ടായിരുന്നത്.
ഇരുവരും ഉച്ചഭക്ഷണം കഴിച്ചശേഷം ടിവി കാണുകയായിരുന്നു. പെട്ടെന്ന് അടുക്കളയില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് ചെന്നുനോക്കിയപ്പോഴാണ് സിലിണ്ടറുമായി പൈപ്പ് കണക്ട് ചെയ്ത ഭാഗത്തിനു തീപിടിച്ചത് കണ്ടത്. ഉടന്‍തന്നെ ഇരുവരും പുറത്തേക്കോടി. തൊട്ടുപിന്നാലെയുണ്ടായ സ്ഫോടനത്തില്‍ വീട് ഉപയോഗിക്കാന്‍ കഴിയാത്തവിധം പൂര്‍ണമായും തകര്‍ന്നു.
ഉടുത്തിരിക്കുന്ന വസ്ത്രങ്ങള്‍ ഒഴികെ എല്ലാം തീപിടിത്തത്തില്‍ കത്തിയെരിഞ്ഞതായി സന്ദീപ്രാജ് പറയുന്നു. “കഴിഞ്ഞദിവസം വീട്ടില്‍ കുഴല്‍കിണര്‍ കുഴിച്ചിരുന്നു. ഇവര്‍ക്ക് നല്കാന് വച്ചിരുന്ന പണത്തില്‍ ഒരുഭാഗം തീപിടിത്തത്തില്‍ കത്തിയെരിഞ്ഞു.
ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പാത്രങ്ങളും ഷെല്ഫുകളും വസ്ത്രങ്ങളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചു. വീടിന്റെ മേല്‍ക്കൂരയും ചുവരുകളുമെല്ലാം നിലംപൊത്തി.’’-സന്ദീപ് പറഞ്ഞു. വീടിനകത്ത് മൂന്നു ക്വിന്റല്‍ റബര്‍ ഷീറ്റുകള്‍ സൂക്ഷിച്ചിരുന്നു. ഇതിന് തീപിടിച്ചത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.
അതേസമയം കുന്നിൻപ്രദേശത്ത് സ്ഥിതിചെയ്യുന്ന വീട്ടിലേക്ക് ഇടുങ്ങിയ വഴിയായതിനാല്‍ കുറ്റിക്കോലില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം വൈകി.
പരമാവധി ഇവിടേക്ക് ഫയര്‍ഫോഴ്സ് വാഹനം എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ ഫ്ളോട്ടിംഗ് മെഷീന് മറ്റൊരു വാഹനത്തിലെത്തിക്കുകയും ഇത് കുളത്തില്‍ സ്ഥാപിച്ച് ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് തീയണയ്ക്കാന്‍ തുടങ്ങിയത്.
ഫയര്‍ഫോഴ്സ് മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂര്‍ണമായും കെടുത്തിയത്. സംഭവസമയം സന്ദീപിന്റെ ഭാര്യ തയ്യല്‍ ജോലിക്കാരിയായ ഉഷ ബന്തടുക്കയിലെ ജോലി സ്ഥലത്തും ഇളയമകള്‍ സ്കൂളിലുമായിരുന്നു.