മുനമ്പം: സമരവീര്യത്തിന് ഇന്ന് 150
Tuesday, March 11, 2025 1:53 AM IST
കൊച്ചി: സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള അവകാശങ്ങൾക്കായി അതേ മണ്ണിലിരുന്നു സമരം ചെയ്യേണ്ടിവരുന്ന മുനന്പം തീരജനതയുടെ തളരാത്ത പോരാട്ടവീര്യം ഇന്ന് 150-ാം ദിനത്തിൽ.
തങ്ങളുടെ ഭൂമിയിലുള്ള വഖഫ് അവകാശവാദത്തിൽ വസ്തുതകളില്ലെന്നു തെളിയിക്കുകയും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുകയും ചെയ്യുന്നതുവരെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മുനന്പം നിവാസികൾ.
ഭൂമിയുടെ റവന്യു അവകാശങ്ങൾ സംരക്ഷിച്ചു കിട്ടുന്നതിന് 2024 ഒക്ടോബർ 13നാണ് മുനന്പം വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തിൽ പന്തലൊരുക്കി ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ റിലേ നിരാഹാരസമരം ആരംഭിച്ചത്. സമരത്തിന്റെ 150 -ാം ദിവസമായ ഇന്ന് വഖഫ് അവകാശവാദത്തിൽ പ്രതിസന്ധിയിലായ പ്രദേശത്തെ 218 കുടുംബങ്ങളിലെ 60 വയസ് പിന്നിട്ട 150 പേരാണ് പ്രതിഷേധത്തിനിറങ്ങുന്നത്.
മുനന്പത്തെ വയോധികരുടെ സമരത്തിനു വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. എഐ സംവിധാനത്തിലൊരുക്കിയ കാന്പയിനുകളും ശ്രദ്ധിക്കപ്പെട്ടു.
സമരം തുടങ്ങിയ നാൾ മുതൽ ഓരോ ദിവസവും പങ്കാളിത്തവും പിന്തുണയും കൂടിവന്നെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി പറഞ്ഞു.
ദേശീയ ശ്രദ്ധയിലേക്കു വരെയെത്തിയ മുനന്പത്തെ സമരത്തിന് ഐക്യദാർഢ്യമറിയിച്ച് കേന്ദ്രമന്ത്രിമാർ വരെയെത്തി. നിരവധി മെത്രാന്മാർ ഉൾപ്പെടെ കേരളസഭയിലെ രൂപതകളും സന്യാസസമൂഹങ്ങളും സംഘടനകളും അവകാശസമരത്തിൽ കൈകോർത്തു. 150-ാം ദിനത്തിൽ വിവിധ മെത്രാന്മാരും സാമൂഹ്യ-സാംസ്കാരിക നേതാക്കളും സമരപ്പന്തലിലെത്തും.
കമ്മീഷൻ പ്രവർത്തനം അനിശ്ചിതത്വത്തിൽ
ഇതിനിടെ മുനന്പം ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാണ്. കമ്മീഷന്റെ നിയമസാധുത ചോദ്യംചെയ്തു വഖഫ് സംരക്ഷണ സമിതി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
മുനന്പം നിവാസികളുടെ ഹർജികളും കോടതിയുടെ പരിഗണനയിലാണ്. വഖഫ് ട്രൈബ്യൂണലിലും മുനന്പം ഭൂമി വിഷയത്തിലുള്ള വിവിധ കേസുകൾ നിലവിലുണ്ട്.