മേക്കപ്പ്മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ
Monday, March 10, 2025 3:08 AM IST
തൊടുപുഴ: മൂലമറ്റത്ത് 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ്മാൻ പിടിയിൽ. ആർ.ജി. വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. വാഗമണ്‍ കേന്ദ്രീകരിച്ച് ചിത്രീകരണം പുരോഗമിക്കുന്ന അട്ടഹാസം എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴിയാണ് മേക്കപ്പ് മാൻ മൂലമറ്റം എക്സൈസിന്റെ പിടിയിലായത്.
എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി മൂലമറ്റം എക്സൈസ് സംഘം കാഞ്ഞാർ-വാഗമണ്‍ റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇന്നലെ രാവിലെ 9.30ഓടെ ഇയാൾ സഞ്ചരിച്ച ടാക്സി കാറിൽ നിന്നും 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തത്. ആവേശം, പൈങ്കിളി, രോമാഞ്ചം,സൂക്ഷ്മദർശിനി, ജാനേമാൻ തുടങ്ങി നിരവധി സിനിമകളിൽ ഇയാൾ മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ തണ്ടും വിത്തുകളും കണ്ടെത്തി.
പനന്പള്ളി നഗറിലെ മേക്കപ്പ് സ്റ്റുഡിയോയിലും എക്സൈസ് പരിശോധന നടത്തി. കിലോയ്ക്ക് ഒരു കോടിയിലധികം വിലയുള്ള ഹൈബ്രിഡ് കഞ്ചാവ് ആരിൽനിന്ന് വാങ്ങിയെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇടുക്കിയിലെ സിനിമ ലൊക്കേഷനുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് മേക്കപ്പ്മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.
ശനിയാഴ്ച ഇടുക്കി എസ്പി ടി.കെ. വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിലും ഓപ്പറേഷൻ ഡി ഹണ്ടിനോടനുബന്ധിച്ച് ജില്ലയിലെ ബസ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്പെഷൽ ഡ്രൈവ് നടത്തിയിരുന്നു. ഇടുക്കിയിൽ രാസലഹരിവസ്തുക്കളടക്കമുള്ളവയുടെ വിൽപ്പനയും ഉപയോഗവും വർധിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു പരിശോധന.