മസ്റ്ററിംഗ്: ഒമ്പതു ലക്ഷം പേര് റേഷന്‍ കാര്‍ഡിനു പുറത്ത്
Tuesday, March 11, 2025 1:53 AM IST
കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ റേഷന്‍ മസ്റ്ററിംഗ് നടത്തിയ ഒമ്പതു ലക്ഷം പേര് റേഷന്‍ കാര്‍ഡിനു പുറത്ത്. ഈ മാസം മുതല്‍ റേഷന്‍ വിതരണം മസ്റ്ററിംഗ് നടത്തിയവര്ക്കുമാത്രമായി ചുരുക്കിയതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്.
സംസ്ഥാനത്ത് 1.51 കോടി റേഷന്‍ ഉപഭോക്താക്കള്‍ ഉള്ളതില്‍ 11 ലക്ഷം പേര് മസ്റ്ററിംഗിനുശേഷം കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ രണ്ടുലക്ഷം പേരുടെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒമ്പതുലക്ഷം ഉപഭോക്താക്കള്‍ ഇപ്പോഴും പുറത്താണ്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തത്തുടര്‍ന്ന് മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളുടേയും കെവൈസി ( മസ്റ്ററിംഗ്) പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പ്രായമേറിയവരും കുട്ടികളും അടങ്ങുന്ന ഒട്ടേറെ റേഷന്‍ ഗുണഭോക്താക്കളുടെ പേര് മസ്റ്ററിംഗിനുശേഷം കാര്‍ഡില്‍ കാണാനില്ലെന്നു കാര്‍ഡ് ഉടമകളും വ്യാപാരികളും പറയുന്നു.
ഈ മാസം മുതല്‍ റേഷന്‍ വിതരണം നടത്തുന്നത് മസ്റ്ററിംഗ് നടത്തിയ അംഗങ്ങള്‍ക്കു മാത്രമാണ്. അതിനാല്‍ പേരില്ലാത്തവര്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നഷ്ടപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പേരില്ലാത്തവര്‍ വീണ്ടും ചേര്‍ക്കേണ്ട സ്ഥിതിയാണ്.
ഈ മാസത്തെ റേഷന്‍ വിതരണം തുടങ്ങിയപ്പോഴാണു റേഷന്‍ കാര്‍ഡില്‍നിന്നു പേരു നഷ്ടപ്പെട്ട വിവരം കാര്‍ഡ് ഉടമകളും വ്യാപാരികളും അറിയുന്നത്. മുമ്പ് എല്ലാ മാസാരംഭ നാളുകളിലും ഇത്തരം സങ്കേതിക തകരാറുകള്‍ ഉണ്ടാവാറുണ്ടെങ്കിലും അവരുടെ പേരുകളും റേഷനും നഷ്ടപ്പെടാറില്ല.
പേരില്ലെന്നറിയുന്നതോടെ പലയിടങ്ങളിലും ഗുണഭോക്താക്കളും റേഷന്‍ വ്യാപാരികളും തമ്മില്‍ തര്‍ക്കത്തിനും ഇടയാകുന്നുണ്ട്. റേഷന്‍ വ്യാപാരികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഉപകരണം ഉപയോഗിച്ചു വീടുകളിലെത്തി കിടപ്പുരോഗികളുടെ മസ്റ്ററിംഗ് എടുത്തിരുന്നു. ഇതിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ ക്യാന്പ് സംഘടിപ്പിച്ചും മസ്റ്ററിംഗ് നടത്തി.
സാങ്കേതിക തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ കാര്‍ഡുടമകള്‍ക്കു റേഷന്‍ ലഭിക്കുകയുള്ളൂ. ഈ മാസംതന്നെ അവരുടെ റേഷന്‍ നല്‍കുന്നതിന് ഇ-പോസ് യന്ത്രങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്ന് ഓള് കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ ഭക്ഷ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.